യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-02-02 13:48 GMT

മലപ്പുറം: എളങ്കൂറില്‍ വിഷ്ണുജയ എന്ന(26) യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയയെ മലപ്പുറം എളങ്കൂറിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് വിഷ്ണുജയുടെ മരണത്തിന് കാരണമെന്നാണ് വീട്ടുകാരുടെ പരാതി.

ജോലി ഇല്ലാത്തതിന്റെ പേരിലും സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സാണ് പ്രഭിന്‍.പ്രഭിന് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടെന്നും ഇത് ചോദ്യം ചെയ്തത്തോടെയാണ് മകള്‍ക്കെതിരെ ഉപദ്രവം തുടങ്ങിയതെന്നും വിഷ്ണുജയുടെ അച്ഛന്‍ പറഞ്ഞു. പ്രഭിന്റെ കുടുംബവും അറിഞ്ഞു കൊണ്ടായിരുന്നു പീഡനമെന്നും അച്ഛന്‍ ആരോപിച്ചു. എന്നാല്‍ പ്രഭിന്റെ കുടുംബം ഇത് നിഷേധിച്ചു. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും വിഷ്ണുജയയെ ശാരീരികമായി ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പ്രഭിനും വിഷ്ണുജയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നത് അറിയാമായിരുന്നുവെന്ന് ഇവര്‍ സമ്മതിക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്താണ് മഞ്ചേരി പോലിസ് പ്രഭിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.





Tags: