കുരിക്കള്‍ റോഡിനടുത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; സഹോദരങ്ങള്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Update: 2021-10-02 12:50 GMT

പരപ്പനങ്ങാടി: ഒരേ ദിശയിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ അടക്കം നാലുവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി സ്വദേശി കാരയില്‍ ഫാന്‍സി ഷോപ് ഉടമ ബാലചന്ദ്രന്‍ (62), വയനാട് മീനങ്ങാടി സ്വദേശികളും സാഹോദരങ്ങളുമായ കുറ്റുപുരയ്ക്കല്‍ ശിവപ്രസാദിന്റെ മക്കളായ ആനന്ദ് ശിവന്‍ (24), ആദര്‍ശ് ശിവന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗാന്ധിജയന്തി ദിനത്തില്‍ തിരൂര്‍- പരപ്പനങ്ങാടി റോഡില്‍ കുരിക്കള്‍ റോഡിനടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.


 റോഡരികില്‍ ബൈക്ക് നിര്‍ത്തി മറ്റൊരു വഴിയാത്രക്കാരനോട് സംസാരിച്ചിരിക്കവെ തൊട്ടുപിന്നില്‍ വന്ന ഒരു ബൈക്കുകാരനെയും ഓട്ടോറിക്ഷയെയും അതിന് പിന്നില്‍നിന്നും വന്ന മിനി ചരക്കുവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരൂര്‍ ഭാഗത്തുനിന്നും കടലുണ്ടി ഭാഗത്തേക്ക് മല്‍സ്യം കയറ്റി പോവുകയായിരുന്ന KL-55 W 1079 മിനി ചരക്കുവാഹനമാണ് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചത്.


 ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ദേഹത്ത് മറിഞ്ഞുവീണാണ് കാരയില്‍ ബാലചന്ദ്രന് പരിക്കേറ്റത്. ബാലചന്ദ്രന്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളജില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി എറണാകുളത്തെ ബന്ധുവീട്ടില്‍നിന്നും രാവിലെ 6.30 ഓടെ സ്വദേശമായ വയനാട് മീനങ്ങാടിയിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ് ആദര്‍ശിനും ആനന്ദിനും പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ആദര്‍ശിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Tags:    

Similar News