മരം കടപുഴകി വീണ് പലചരക്കുകട തകര്‍ന്നു

വെട്ടത്തൂര്‍ ഹൈസ്‌കൂള്‍പടിയില്‍ പി ടി നാസറിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് മുകളിലേക്കാണ് സമീപത്തായി നിലനിന്നിരുന്ന ഭീമന്‍മരം കടപുഴകി വീണത്.

Update: 2020-07-03 10:32 GMT

പെരിന്തല്‍മണ്ണ: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് പലചരക്കുകടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെട്ടത്തൂര്‍ ഹൈസ്‌കൂള്‍പടിയില്‍ പി ടി നാസറിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് മുകളിലേക്കാണ് സമീപത്തായി നിലനിന്നിരുന്ന ഭീമന്‍മരം കടപുഴകി വീണത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഗവ.അധീനതയില്‍ പൊതുസ്ഥലത്തായി സ്ഥിതിചെയ്യുന്ന വൃക്ഷമാണ് അപകടം വരുത്തിവച്ചത്. പലചരക്ക് കടയുടെ ഇരുവശങ്ങളിലേയും ഹാസ്ബസ്റ്റോസ് ഷീറ്റുകളും മറ്റും പൂര്‍ണമായും തകര്‍ന്നു. ഇതിനുപുറമെ, തൊട്ടടുത്ത വൈദ്യുതി ലൈനിനു മുകളിലേക്കും മരത്തിന്റെ ശിഖരങ്ങള്‍ പതിച്ചതോടെ പ്രദേശത്ത് ഏറെനേരം വൈദ്യുതി ബന്ധവും തകരാറിലായി.

തുടര്‍ന്ന് കെഎസ്ഇബി അധികൃതരെത്തി രാത്രിയോടെയാണ് ഇത് പുനസ്ഥാപിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കടയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി അന്നമ്മയുടെ നേതൃത്വത്തില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തി. അതേസമയം, കടപുഴകി വീണ മരത്തിന് സമീപത്തായി മറ്റ് രണ്ടുമരങ്ങള്‍കൂടി നിലംപതിക്കാറായ സ്ഥിതിയില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഈ മരങ്ങള്‍ക്ക് സമീപത്തായി ഒരുവീടും നിര്‍മാണം പുരോഗമിക്കുന്ന മറ്റൊരു കോംപ്ലക്‌സുമുണ്ട്. 

Tags:    

Similar News