പെരിന്തല്‍മണ്ണ നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌കരണം

Update: 2021-09-06 04:25 GMT

പെരിന്തല്‍മണ്ണ: നഗരത്തിലെ പുതിയ ബസ് സ്റ്റാന്റ് കൂടി ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണയില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്‌കരണം ഇന്ന് മുതല്‍ തുടങ്ങും. പ്രധാന ജങ്ഷനിലെ തിരക്ക് കുറയ്ക്കുകയും മൂന്ന് ബസ് സ്റ്റാന്റുകളെയും സജീവമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭാതല ഗതാഗത ക്രമീകരണ സമിതി പരിഷ്‌കാരം നടപ്പാക്കുന്നത്. കൂടുതല്‍ ബസ്സുകളും തറയില്‍ ബസ് സ്റ്റാന്‍ഡിലും പുതിയ സ്റ്റാന്റിലും വന്നു പോവുന്ന തരത്തിലുള്ള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ നഗരത്തില്‍ അഞ്ച് ബസ് സ്റ്റോപ്പുകള്‍ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.

അതേസമയം, ബസ്സുടമസ്ഥ സംഘവും മര്‍ച്ചന്റ്‌സ് അസോസിയേഷനും പരിഷ്‌കാരത്തെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. ഊട്ടി റോഡിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കാരം നടപ്പാക്കുന്നത് പുനപ്പരിശോധിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ബസ് സ്റ്റാന്റുകള്‍ക്കു മാത്രമാണ് ആര്‍ടിഎ അംഗീകാരം നല്‍കിയിട്ടുള്ളതെന്നും പരിഷ്‌കാരം സംബന്ധിച്ച് 2019ലെ യോഗത്തിലെടുത്ത തീരുമാനം ആദ്യം നടപ്പാക്കണമെന്നും ബസ്സുടമകള്‍ പറയുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് പുതിയ പരിഷ്‌കാരം നടപ്പാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നാണ് ബസ്സുടമകളുടെ മുന്നറിയിപ്പ്.

ബദലായി ബസ്സുടമകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ പരിഗണിച്ചിട്ടില്ല. പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് എട്ടുകിലോമീറ്ററോളം അധികമായി സഞ്ചരിക്കേണ്ടിവരുന്നതും പ്രശ്‌നമാണ്. എതിര്‍പ്പുകളുണ്ടെങ്കിലും പരിഷ്‌കാരം നടപ്പാക്കാതിരിക്കാനാവില്ലെന്നാണ് നഗരസഭയുടെയും ഗതാഗത ക്രമീകരണ സമിതിയുടെയും നിലപാട്. കോടതി ഇടപെടലുകളെത്തുടര്‍ന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Tags: