തെരട്ടമ്മല്‍ ഓടക്കയം റോഡ് പ്രവര്‍ത്തിയില്‍ ക്രമക്കേട്; പൊതു മരാമത്ത്മന്ത്രിക്ക് പരാതി നല്‍കി

ഗവര്‍മെന്റില്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റും പ്ലാനും പ്രകാരമല്ല റോഡ് പ്രവര്‍ത്തി നടത്തുന്നത്. ആദ്യ ഘട്ട ടാറിങില്‍ ഓടക്കയം ഭാഗത്ത് 800 മീറ്ററിലതികം റോഡ് വിള്ളല്‍ സംഭവിച്ചിരുന്നു.

Update: 2022-01-14 15:17 GMT

അരീക്കോട്: തെരട്ടമ്മല്‍ മുതല്‍ ഓടക്കയം വരെയുള്ള 13 കോടിയുടെ റോഡ് പ്രവര്‍ത്തിയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. നിര്‍മാണ പ്രവര്‍ത്തി കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ എന്‍ജിനിയര്‍മാര്‍ തയ്യാറാക്കി ഗവര്‍മെന്റില്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റും പ്ലാനും പ്രകാരമല്ല റോഡ് പ്രവര്‍ത്തി നടത്തുന്നത്. ആദ്യ ഘട്ട ടാറിങില്‍ ഓടക്കയം ഭാഗത്ത് 800 മീറ്ററിലതികം റോഡ് വിള്ളല്‍ സംഭവിച്ചിരുന്നു.

മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ തെരമ്മല്‍ മുതല്‍ ഈസ്റ്റ് വടക്കുംമുറി ഭാഗം വരെയുള്ള റോഡ് വയലരികിലായതിനാല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍റോഡില്‍ വെള്ളം നില്‍ക്കും. ഈ ഭാഗങ്ങളില്‍ റോഡരികില്‍ ട്രെയിനേജ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. ഈസ്റ്റ് വടക്കുംമുറി ഭാഗത്ത് വയലിന് കുറുകെയാണ് റോഡ് ഉള്ളത്. ഇവിടെയുള്ള ഓവുപാലത്തില്‍ വിള്ളല്‍ വീണ സ്ലാബ് അടക്കം ഇതില്‍ ഉപയോഗിച്ചതിനാല്‍ പരിസരവാസികള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്നാണ് വിവരം.

വെള്ളപ്പൊക്ക സമയത്ത് വെള്ളം തള്ളി കയറി മുകള്‍ ഭാഗത്തെ വയലിലേക്ക് വരുന്നതും തിരികെ ഇറങ്ങി പോരുന്നും ഈ ഓവുപാലത്തിലൂടെയാണ് പഴയ ഓവുപാലംപൊളിച്ച് പുതിയത് നിര്‍മിച്ചപ്പോള്‍ വെള്ളം ഒഴുകുന്ന ഉള്‍ഭാഗം വീതി കുറക്കുകയും ആഴം കുറക്കുകയും ചെയ്തിട്ടുണ്ട്. മഴക്കാലത്ത് മുകളില്‍ നിന്നുള്ള വെള്ളം വരുന്നത് ഒഴുകി പോകാന്‍ ഇതു മൂലം തടസം നേരിടുകയും റോഡ് തകരുകയും ചെയ്യും ഓടക്കയം ഭാഗത്ത് പൊളിഞ്ഞു വീഴാറായ ഓവുപാലം നിര്‍മ്മിക്കാതെയാണ് ടാറിംഗ് നടത്തിയത്.

തെരമ്മല്‍ മുതല്‍ ഓടക്കയം വരെയുള്ള മലയോര ഭാഗത്തേക്കുള്ള റോഡ് നിര്‍മാണത്തില്‍ ആവശ്യമായ ട്രെയിനേജ് നിര്‍മ്മിക്കാനും കള്‍വര്‍ട്ട് നിര്‍മിക്കാനും തയ്യാറാകാതെയാണ് പ്രവര്‍ത്തി നടക്കുന്നത്. ഓടകയത്ത് ടാറിംഗ് പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ ജനകീയ പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തിയിരുന്നു. ടാറിങ് ആനുപാത ക്രമത്തിലല്ല പല ഭാഗങ്ങളിലും നടത്തിയിട്ടുള്ളത്. റോഡ് പ്രവര്‍ത്തിയില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതിന് പിന്നില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും വകുപ്പ് തല അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപ്പടി സ്വീകരിക്കണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി ഭാരവാഹികള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News