മല്‍സ്യവില്‍പ്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു

ല്‍സ്യം വിറ്റ 10000ത്തോളം രൂപയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം കവര്‍ന്നത്

Update: 2019-08-19 12:04 GMT

പരപ്പനങ്ങാടി: മല്‍സ്യവില്‍പ്പന കഴിഞ്ഞ് മടങ്ങവെ വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് പണം കവര്‍ന്നു. അരിയല്ലൂര്‍ സ്വദേശി സജീറാ(43)ണ് ആക്രമിക്കപ്പട്ടത്. പരപ്പനങ്ങാടി ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപമാണ് സംഭവം. മല്‍സ്യം വിറ്റ 10000ത്തോളം രൂപയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം കവര്‍ന്നത്. ഇതില്‍ ഒരാള്‍ അരിയല്ലൂര്‍ സ്വദേശി ഉമര്‍ അലിയാണെന്ന് സജീര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

    ചെമ്മാട് നിന്നു ഞായറാഴച് രാത്രി 10.45ഓടെ കച്ചവടം കഴിഞ്ഞ് തന്റെ മിനി വാനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജീര്‍. ഹെല്‍ത്ത് സെന്റര്‍ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടിന് സമീപം ബൈക്കിലെത്തിയ മൂന്നംഗസംഘം റോഡില്‍ സജീറിന്റെ വാഹനത്തിന് വിലങ്ങിട്ടു. തുടര്‍ന്ന് സജീറിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു ബലപ്രയോഗത്തിലൂടെ പണം കവരുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച സിറാജിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി പണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി. പരിക്കേറ്റ സജീര്‍ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോല്‍ ബോധരഹിതനായി. തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീറിന്റെ തലയ്ക്കു സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Tags: