തീരദേശസംഘര്‍ഷം: താനൂരില്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 10 കേസുകള്‍

10 കേസുകളില്‍ നാല് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തിവരുന്നത്. ഈ നാല് കേസുകളിലും പ്രതികള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്.

Update: 2019-11-07 07:48 GMT

തിരുവനന്തപുരം: താനൂര്‍ തീരപ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്ന് 2019 ല്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. വി അബ്ദുര്‍റഹ്മാന്റെ സബ്മിഷന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 2017 ല്‍ ഒരു കേസും 2018 ല്‍ രണ്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 10 കേസുകളില്‍ നാല് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തിവരുന്നത്. ഈ നാല് കേസുകളിലും പ്രതികള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്. ഈവര്‍ഷം മാര്‍ച്ച് നാലിന് സിപിഎം പ്രവര്‍ത്തകരായ മുസ്തഫ, ഷംസുദ്ദീന്‍ എന്നിവരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച സംഭവത്തിനുശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 24ന് റഫീഖ് എന്ന ഇസഹാക്ക് കൊല്ലപ്പെട്ട സംഭവമുണ്ടാവുന്നതുവരെ 8 കേസുകള്‍ താനൂര്‍ പോലിസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇരുവിഭാഗത്തിലുംപെട്ടവര്‍ പ്രതികളായ ഈ കേസുകളില്‍ എല്ലാ പ്രതികളെയും അറസ്റ്റുചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ ചാര്‍ജ് ഷീറ്റ് ചെയ്തിട്ടുണ്ട്. റഫീഖ് എന്ന ഇസ്ഹാക്ക് കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തിവരുന്നു. താനൂര്‍ മേഖലയിലെ രാഷ്ട്രീയസംഘട്ടനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരുന്നതും കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചുവരികയുമാണ്. തിരൂര്‍ ഡിവൈഎസ്പിയുടെ ചുമതലയില്‍ ഈ തീരദേശ മേഖലയില്‍ രണ്ട് സമാധാന കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയസാമൂഹ്യസംഘടനകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണസമാധാന ശ്രമങ്ങളും നടത്തിവരുന്നു. തീരപ്രദേശങ്ങളില്‍ നല്ല നിരീക്ഷണമാണ് പോലിസ് നടത്തിവരുന്നത്.

Tags:    

Similar News