ചാപ്പപ്പടിയില്‍ കടലാക്രമണം രൂക്ഷം; ഖബറുകള്‍ ഒലിച്ചുപോയി

Update: 2020-08-07 13:05 GMT

പരപ്പനങ്ങാടി: ചാപ്പപ്പടിയില്‍ കടലാക്രമണം രൂക്ഷമാവുന്നു. വൈകീട്ടുണ്ടായ ശക്തമായ കടലാക്രമണത്തില്‍ ചാപ്പപ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ ഖബറുകളും കടലിലേക്ക് ഒലിച്ചുപോയി. ഖബര്‍സ്ഥാന്റെ ഒരു ഭാഗംകടലെടുത്തു. 2015ലുണ്ടായ കടലാക്രമണത്തിലും ഇവിടെ നിരവധി ഖബറുകള്‍ കടലിലേക്ക് ഒലിച്ചു പോയിരുന്നു. അന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുകയായിരുന്നു. ഈ കല്ലുകളെല്ലാം കടലാക്രമണത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. താല്‍ക്കാലികകടല്‍ഭിത്തി നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കി അടിയന്തിരമായി നിര്‍മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

    


ചാപ്പപ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനു നാശനഷ്ടങ്ങളുണ്ടായ മറ്റു ഭാഗങ്ങളും തിരൂര്‍ ആര്‍ഡിഒ എന്‍ പ്രേമചന്ദ്രന്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ പി എസ് ഉണ്ണിക്കൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഖബര്‍സ്ഥാന്‍ സംരക്ഷിക്കുന്നതിനും മറ്റും അടിയന്തിര നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഉസ്മാന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ പഞ്ചാര സക്കീനാകോയ, ഉമര്‍ ഒട്ടുമ്മല്‍ പങ്കെടുത്തു.


Similar News