ജീവന്‍ സംരക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ രേഖകള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം; വേറിട്ട സമരവുമായി ചെക്കുന്ന് പരിസ്ഥിതി സംരക്ഷണസമിതി

ജൂണ്‍ 20ന് തുടക്കമിട്ട സമരത്തില്‍ ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകളിലേക്കും ഏറനാട് താലൂക്ക് ഓഫിസിലേക്കും തിരിച്ചറിയല്‍ രേഖകള്‍ അയക്കും.

Update: 2020-06-22 09:39 GMT

മലപ്പുറം: ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകളുടെ ഭാഗമായ ചെക്കുന്ന് മലയുടെ സംരക്ഷണത്തിനായി വേറിട്ട സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണസമിതി. ചെക്കുന്ന് മല ഇപ്പോള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. ദുരന്തമുണ്ടായാല്‍ നിരവധി ജീവനുകള്‍ നഷ്ടമാവുന്ന സാഹചര്യമാണുള്ളത്. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി ജീവന്‍ സംരക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ രേഖകള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഓഫിസുകളിലേക്ക് തിരിച്ചറിയല്‍ രേഖകള്‍ അയക്കുന്ന സമരവുമായാണ് ചെക്കുന്ന് മലയ്ക്ക് താഴെയുള്ള പരിസരവാസികള്‍ സമരരംഗത്ത് സജീവമായിരിക്കുന്നത്. ജൂണ്‍ 20ന് തുടക്കമിട്ട സമരത്തില്‍ ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകളിലേക്കും ഏറനാട് താലൂക്ക് ഓഫിസിലേക്കും തിരിച്ചറിയല്‍ രേഖകള്‍ അയക്കും.

കേന്ദ്ര ഭൗമപഠനത്തില്‍ ഹൈഹസാര്‍ഡ് സോണില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത കൂടുതലായ ചെക്കുന്ന് മലയ്ക്ക് താഴെ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കവളപ്പാറയ്ക്ക് സമാനമായ ദുരന്തം ആവര്‍ത്തിച്ചാല്‍ വലിയൊരു ദുരന്തത്തിനായിരിക്കും പ്രദേശം സാക്ഷ്യംവഹിക്കുക. അത്തരമൊരു സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പരിസരവാസികളുടെ തിരിച്ചറിയല്‍ രേഖകള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് അയക്കുന്ന സമരത്തിന് തുടക്കമിടാന്‍ കാരണമെന്ന് സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

ചെക്കുന്ന് മലയുടെ നാശത്തിന് കാരണക്കാരായ രാഷ്ട്രീയക്കാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ പഴിചാരി രക്ഷപ്പെടാനുള്ള നീക്കത്തിലാണ്. ഉദ്യോഗസ്ഥ- രാഷ്ട്രീയ ഒത്തുകളിയുടെ ഇരകളാണ് ചെക്കുന്ന് മലയ്ക്ക് താഴെ താമസിക്കുന്നവര്‍. ഇവിടെയുണ്ടാവുന്ന ദുരന്തങ്ങളുടെ പൂര്‍ണ ഉത്തരവാദികള്‍ രാഷ്ട്രീയക്കാരും- ഉദ്യോഗസ്ഥരുമായിരിക്കുമെന്ന് സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News