പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക; യൂത്ത് ലീഗ് ഡേ- നൈറ്റ് മാര്‍ച്ച് 15, 16 തിയ്യതികളില്‍

സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ ഖബറിടം സ്ഥിതിചെയ്യുന്ന മലപ്പുറം പൂക്കോട്ടൂരില്‍നിന്നാരംഭിച്ച് സ്വാതന്ത്ര്യസമരസ്മരണകള്‍ നിലനില്‍ക്കുന്ന കോഴിക്കോട് കടപ്പുറത്ത് മാര്‍ച്ച് സമാപിക്കും. 15ന് വൈകീട്ട് മൂന്നിന് മലപ്പുറം പൂക്കോട്ടൂരില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

Update: 2019-12-10 17:55 GMT

മലപ്പുറം: മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈമാസം 15 , 16 തിയ്യതികളില്‍ മുസ്‌ലിം യൂത്ത് ലീഗ് ഡേ- നെറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സ്വാതന്ത്ര്യസമരരക്തസാക്ഷികളുടെ ഖബറിടം സ്ഥിതിചെയ്യുന്ന മലപ്പുറം പൂക്കോട്ടൂരില്‍നിന്നാരംഭിച്ച് സ്വാതന്ത്ര്യസമരസ്മരണകള്‍ നിലനില്‍ക്കുന്ന കോഴിക്കോട് കടപ്പുറത്ത് മാര്‍ച്ച് സമാപിക്കും. 15ന് വൈകീട്ട് മൂന്നിന് മലപ്പുറം പൂക്കോട്ടൂരില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

16ന് വൈകീട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണ്. മുസ്‌ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ള മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം അപരവത്കരണത്തിന് ആക്കംകൂട്ടുന്നതാണ്. ദേശീയ പൗരത്വപട്ടിക തയ്യാറാക്കി ഏതെങ്കിലും ഒരുവിഭാഗത്തെ രാജ്യത്തുനിന്നും പുറന്തള്ളാമെന്ന സംഘപരിവാര്‍ ആഗ്രഹം വ്യാമോഹം മാത്രമാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍നിന്നും വഴിമാറി നടന്നവര്‍ക്ക് സ്വാന്ത്ര്യസമരരക്തസാക്ഷികളുടെ പിന്‍മുറക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ അവകാശമില്ല. പൗരത്വഭേദഗതി നിയമം അനുവദിക്കില്ലെന്ന ബംഗാള്‍, പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇതേ മാതൃകയില്‍ പ്രഖ്യാപനം നടത്താന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇനിയെങ്കിലും ആര്‍ജവം കാണിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News