വിവാഹപ്രായമുയര്‍ത്തല്‍: വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം- ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ

Update: 2021-12-18 14:44 GMT

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനുള്ള നീക്കം പ്രായപൂര്‍ത്തി വോട്ടവകാശമുള്ള വ്യക്തികളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു. 21 വയസ്സിന് മുമ്പ് സ്ത്രീകള്‍ പ്രസവിക്കാനിടയുള്ള മക്കള്‍ക്ക് പിതൃത്വവും സംരക്ഷണോത്തരവാദിത്തവും നിഷേധിക്കപ്പെടുന്ന സ്ഥിതിയിലേക്ക് നയിക്കുന്നതാണ് പുതിയ നീക്കം. മുസ്‌ലിം വ്യക്തി നിയമത്തില്‍ കൈകടത്താനുദ്ദേശിച്ചുള്ള ഈ നീക്കം പെണ്‍കുട്ടികളുടെ ശാരീരിക മാനസിക താല്‍പര്യങ്ങളുടെ നിരാകരണവും ഭരണഘടന 24ാം ഖണ്ഡിക സംരക്ഷണം നല്‍കുന്ന വ്യക്തിനിയമങ്ങളുടെ ലംഘനവുമാകയാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍നിന്നു പിന്തിരിയണമെന്നും മുശാവറ അഭ്യര്‍ഥിച്ചു.

പ്രഡിഡന്റ് കിടങ്ങഴി യു അബ്ദുറഹിം മൗലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 'മുശാവറ ഇസ്‌ലാം സമഗ്രം' എന്ന വിഷയത്തില്‍ നടത്തുന്ന ഉലമാ മജ്‌ലിസ് ഫെബ്രുവരി 1ന് വടകരയില്‍ നടത്താനും ശൈഖുല്‍ ഉലമാ സ്മരണിക പ്രകാശനം ചെയ്യാനും തീരുമാനിച്ചു. സീനിയര്‍ സെക്രട്ടറി ചെറുകര മുഹമ്മദ് അസ്ഗര്‍ മുസ്‌ല്യാര്‍ ഉദ്ഘടനം ചെയ്തു. എ നജീബ് മൗലവി, കെ കെ കുഞ്ഞാലി മുസ്‌ലിയാര്‍, അലി ഹസന്‍ ബാഖവി, യു അലി മൗലവി, കെ വീരാന്‍കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, പരപ്പനങ്ങാടി ഖാസി സൈദു മുഹമ്മദ് തങ്ങള്‍, ഇ എം അബൂബക്കര്‍ മൗലവി, അഹ്മദ് ബാഖവി, മുജീബ് വഹബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News