കഞ്ചാവ് മാഫിയ സ്വാധീനത്തിന് വഴങ്ങി പോലിസ് നിരപരാധികളെ വേട്ടയാടുന്നു

പരപ്പനങ്ങാടി പോലിസാണ് നിരപരാധികളെ കള്ള കേസില്‍ കുടുക്കുന്നത്. 2018 ഒക്ടോബറില്‍ സ്‌റ്റേഡിയം റോഡില്‍ അട്ടക്കുഴിങ്ങര സ്വദേശി റിയാസിനേയും നാട്ടുകാരേയും കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചിരുന്നു.

Update: 2019-02-07 17:50 GMT

പരപ്പനങ്ങാടി: കഞ്ചാവ് മാഫിയ സ്വാധിനത്തിന് വഴങ്ങി പോലിസ് നിരപരാധികളെ വേട്ടയാടുന്നതായി പരാതി. പരപ്പനങ്ങാടി പോലിസാണ് നിരപരാധികളെ കള്ള കേസില്‍ കുടുക്കുന്നത്. 2018 ഒക്ടോബറില്‍ സ്‌റ്റേഡിയം റോഡില്‍ അട്ടക്കുഴിങ്ങര സ്വദേശി റിയാസിനേയും നാട്ടുകാരേയും കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ റിയാസ് ദിവസങ്ങളോളം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, പരിക്കേറ്റ റിയാസിന്റെ പരാതിയില്‍ നടപടിയെടുക്കാതെ, കഞ്ചാവ് സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്ത് വധശ്രമത്തിന് കേസെടുക്കുകയും എസ്ഡിപിഐ പ്രവര്‍ത്തകനായ അക്ബറിനെ അറസ്റ്റ് ചെയ്ത് ഒരുമാസത്തോളം ജയിലിലടക്കുകയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ആറിന് എസ്ഡിപിഐ പ്രവര്‍ത്തകനായ ചെറുപ്പുരക്കല്‍ നൗഫലിനെ അദ്ധേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബന്ധുക്കളുടെ മുന്നില്‍ മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ മര്‍ദ്ദനമേറ്റ വിവരം ഡോക്ടറോട് പറഞ്ഞതിന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം കോടതിക്ക് മുന്‍പാകെ നൗഫല്‍ പരാതിപ്പെട്ടു. അതിന് പുറമേ കേസിലെ മറ്റൊരു പ്രതിയായ സി പി അഷ്‌റഫ് കോടതിയില്‍ കീഴടങ്ങിയതില്‍ കലിപൂണ്ട എസ്‌ഐ രജ്ഞിത്ത് കോടതി വളപ്പില്‍ വച്ചു തന്നെ ശരിയാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്യായമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തതിനും കള്ളക്കേസ് ചുമത്തി ജയിലിലടച്ചതിനും ഇരുവരും മുഖ്യമന്ത്രി, ഡിജിപി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. സംഘപരിവാര്‍ അനുകൂല നിലപാട് വെച്ച് പുലര്‍ത്തുന്ന പരപ്പനങ്ങാടി എസ്‌ഐ പല കേസുകളിലും വിവേചനപരമായാണ് പെരുമാറുന്നതെന്ന ആരോപണവും ശക്തമാണ്. കഞ്ചാവ് മാഫിയകളുടേയും മറ്റും സ്വാധീനത്തിന് വഴങ്ങി നിരപരാധികളെ വേട്ടയാടുന്ന പോലിസിനെതിരെ ശക്തമായ പ്രക്ഷോഭത്തിനും നിയമ പോരാട്ടത്തിനും നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ കെ സിദ്ധീഖ്, ഹാരിസ് വി പി, യാസര്‍ അറഫാത്ത് എന്നിവര്‍ പറഞ്ഞു. 

Tags: