പുല്‍പ്പറ്റ പഞ്ചായത്തിലെ പദ്ധതി രേഖക്കെതിരേ തദ്ദേശവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

Update: 2021-08-20 11:24 GMT

മലപ്പുറം: ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്ത് 2016- 17 മുതല്‍ 2020- 21 വരെയുള്ള അഞ്ചുവര്‍ഷം പ്രസിദ്ധീകരിച്ച പദ്ധതി രേഖ ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയാത്ത രീതിയില്‍ ചെറുതായി പ്രസിദ്ധികരിച്ചതിനെതിരേ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് എസ്ഡിപിഐ പരാതി സമര്‍പ്പിച്ചു.

പദ്ധതി രേഖയിലെ അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയാത്തത്ര തീരെ ചെറുതാണെന്നും അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് എസ്ഡിപിഐ പുല്‍പ്പറ്റ പഞ്ചായത്ത് കമ്മിറ്റി പരാതിയില്‍ ആവശ്യമുന്നയിച്ചത്. ഓരോ സാമ്പത്തിക വര്‍ഷവും തനത് കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത ഫണ്ടുകളടക്കമുള്ള ഫണ്ടുകളുടെയും ചെലവഴിച്ച തുകയുടെയും പദ്ധതികളുടെയും പേരുകളും മറ്റും പദ്ധതി രേഖാ കൈപ്പുസ്തകത്തില്‍ നോക്കി വായിച്ച് മനസ്സിലാക്കാന്‍ പറ്റാത്തത്ര ചെറുതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പദ്ധതി രേഖയുടെ കോപ്പികള്‍ ഗ്രാമസഭകളില്‍ വിതരണം നടത്തുന്നില്ലെന്നും ആവശ്യമുള്ളവര്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടേണ്ട അവസ്ഥയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വായനാ യോഗ്യമല്ലാത്ത രീതിയില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഫണ്ട് ചെലവഴിച്ചതിനെതിരേ വിജിലന്‍സില്‍ പരാതി സമര്‍പ്പിക്കുമെന്ന് എസ്ഡിപിഐ പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷൗക്കത്തലി, സെക്രട്ടറി റഷീദ് തൃപ്പനച്ചി എന്നിവര്‍ അറിയിച്ചു.

Tags:    

Similar News