നഗരത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി ശുചീകരണജീവനക്കാര്‍

ആദ്യഘട്ടമെന്ന നിലയില്‍ മനഴി ബസ് സ്റ്റാന്റിന്റെ മുന്‍വശത്ത് നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി സ്ഥലത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഒരുക്കിയിരിക്കുകയാണ് തൊഴിലാളികള്‍. കേരളത്തില്‍ സാധാരണയായി കാണാത്ത സൂര്യകാന്തിച്ചെടികളാണ് തൊഴിലാളികള്‍ റോഡിനഭിമുഖമായി വച്ചുപിടിപ്പിച്ചത്.

Update: 2019-12-17 11:21 GMT

പെരിന്തല്‍മണ്ണ: നഗരസഭയിലെ ശുചിത്വമാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ മാതൃകതീര്‍ക്കുകയാണ് പെരിന്തല്‍മണ്ണയിലെ ശുചീകരണ ജീവനക്കാര്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ മനഴി ബസ് സ്റ്റാന്റിന്റെ മുന്‍വശത്ത് നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി സ്ഥലത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഒരുക്കിയിരിക്കുകയാണ് തൊഴിലാളികള്‍. കേരളത്തില്‍ സാധാരണയായി കാണാത്ത സൂര്യകാന്തിച്ചെടികളാണ് തൊഴിലാളികള്‍ റോഡിനഭിമുഖമായി വച്ചുപിടിപ്പിച്ചത്. അതിനുപിന്നിലായി പയറ്, വഴുതന, വെണ്ടയ്ക്ക, മുളക്, എന്നിങ്ങനെ വിവിധയിനം പച്ചക്കറിതൈകളും വച്ചുപിടിപ്പിച്ചു. മാലിന്യം കൂടിക്കിടന്നിരുന്ന സ്ഥലം പൂന്തോട്ടമാവുന്നതോടെ സ്റ്റാന്റിലെത്തുന്നവരെല്ലാം കാഴ്ചക്കാരായെത്തുകയും ചെയ്തു. നഗരസഭ പ്ലാന്റിലുണ്ടാക്കുന്ന ജൈവമാലിന്യത്തില്‍നിന്നുള്ള വളമാണ് തോട്ടത്തില്‍ ഉപയോഗിച്ചത്. ഇതിന്റെ ഭാഗമായി മികച്ച വിളവാണ് ലഭിക്കുന്നത്.

സൂര്യകാന്തി വളര്‍ന്ന് വലുതായി വലിയ മനോഹരമായ പൂക്കള്‍ വിരിഞ്ഞത് കാണാനും ഫോട്ടോ എടുക്കാനും ധാരാളം പേരെത്തുന്നുണ്ട്. ഇതോടൊപ്പം നഗരത്തില്‍ ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്നതും മാലിന്യം നിറഞ്ഞതുമായ 30 ഓളം സ്ഥലങ്ങള്‍ കണ്ടെത്തി മനോഹരമാക്കാനും പട്ടണത്തില്‍ വിവിധ ഭാഗങ്ങളിലുമുള്ള പൊന്തക്കാടുകള്‍ വെട്ടിമാറ്റാനും പ്രത്യേക പദ്ധതിയുമായി ഹെല്‍ത്ത് വിഭാഗം പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി. മനഴി ബസ് സ്റ്റാന്റില്‍ തോട്ടം വച്ചുപിടിപ്പിച്ച് പരിപാലിക്കുന്ന സ്ഥലം നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം സന്ദര്‍ശിച്ചു. മികച്ച രൂപത്തില്‍ പരിപാലനം നടത്തിയ സി പി സുനില്‍കുമാര്‍, ഒ ടി ശിവന്‍ എന്നീ തൊഴിലാളികള്‍ക്ക് ചെയര്‍മാന്‍ അഭിനന്ദനം അറിയിച്ചു. ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി ആരിഫ്, എച്ച് ഐ ദിലിപ് കുമാര്‍, കൗണ്‍സിലര്‍ കെ സുന്ദരന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

Tags:    

Similar News