പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍

Update: 2022-07-31 14:57 GMT

മലപ്പുറം: മൗലാനാ കെ എ സ്വമദ് മൗലവി മണ്ണാര്‍മലയുടെ വിയോഗത്തോടെ ഒഴിവുവന്ന കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സ്ഥാനത്തേക്കു പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങളെ തിരഞ്ഞെടുത്തു. സയ്യിദ് അലി മുത്തുക്കോയ തങ്ങളുടെയും ഇമ്പിച്ചി ബീവിയുടെയും മകനായി 1955 ജൂണ്‍ 11നാണു സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ ജനനം. പ്രാഥമിക പാഠങ്ങള്‍ പിതാമഹന്‍ ഖാളി സയ്യിദ് ഹാശിം ചെറുകോയ തങ്ങളില്‍ നിന്നു കരസ്ഥമാക്കിയ തങ്ങളുടെ ദര്‍സീ രംഗത്തെ പ്രധാന ഗുരുനാഥന്‍മാര്‍ പിതൃസഹോദരന്‍ ഖാസി പനയത്തില്‍ സയ്യിദ് ഹുസൈന്‍ പി കുഞ്ഞി തങ്ങള്‍, ശൈഖുല്‍ ഉലമാ എന്‍ കെ ഉസ്താദ് എന്നിവരാണ്.

വണ്ടൂര്‍ ജാമിഅ വഹബിയ്യയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി വഹബി ബിരുദവും നേടി. താജുല്‍ ഉലമാ സദഖത്തുല്ല മുസ്‌ല്യാര്‍, ഉണ്ണി മുഹമ്മദ് മുസ്‌ല്യാര്‍, മൗലാനാ നജീബ് മൗലവി, തൃക്കലങ്ങോട് അബ്ദുല്‍ അസീസ് മൗലവി എന്നിവരാണു ജാമിഅയിലെ ഗുരുനാഥന്‍മാര്‍.

1984ല്‍ ഉപരിപഠനം കഴിഞ്ഞ തങ്ങള്‍ നാദാപുരം പുറമേരിയില്‍ മുദര്‍രിസായി കൊണ്ടാണ് സേവനമാരംഭിച്ചത്. 2009ല്‍ സയ്യിദ് ഹുസൈന്‍ പി കുഞ്ഞി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് പരപ്പനങ്ങാടി ഖാസി സ്ഥാനത്തു നിയമിതനായത്. നിലവില്‍ കേരള സുന്നീ ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കൂടിയായ തങ്ങള്‍ നേരത്തെ കേരള സംസ്ഥാന സുന്നി യുവജന ഫെഡറഷന്‍ ജില്ലാ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.

Tags: