പരപ്പനങ്ങാടിയില്‍ ലോക്ഡൗണിന്റെ ആദ്യ ദിനത്തില്‍ 12 വാഹനങ്ങള്‍ പിടിച്ചെടുത്തു

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 123 പേര്‍ക്കെതിരേ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Update: 2021-05-08 14:43 GMT

പരപ്പനങ്ങാടി: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി ബൈക്കില്‍ പുറത്തിറങ്ങിയ ആളുകളെ പരപ്പനങ്ങാടി പോലിസ് പിടികൂടി. 12 ബൈക്കുകള്‍ പിടിചെടുത്തു. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 123 പേര്‍ക്കെതിരേ കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ചു സ്ഥലങ്ങളിലായി ബാരിക്കേഡ് ഉപയോഗിച്ച് വാഹന പരിശോധന നടത്തിയിരുന്നു. 123 പേരുടെയും പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ വള്ളിക്കുന്ന് പഞ്ചായത്തും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും കണ്ടെയിന്‍മെന്റ് സോണാണ്.

കണ്ടെയിന്‍മെന്റ് സോണിലെ നിര്‍ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് പുറകിലെ വാതിലുകളില്‍ കൂടിയും മുന്‍വശം ഷട്ടര്‍ ഉയര്‍ത്തി കസ്റ്റമേഴ്‌സിനെ കയറ്റിയ ശേഷം ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തിയ മൂന്നു തുണിക്കടകള്‍ക്കെതിരേ ഇന്നലെ പരപ്പനങ്ങാടിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ മാസം ഇതേവരെ 1246 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോം ക്വാന്റൈനില്‍ ഇരിക്കുന്നയാളുകളെയും പ്രത്യേകം നിരീക്ഷിക്കുന്നതിനായി പോലിസുദ്യോഗസ്ഥര്‍ മഫ്തിയില്‍ പട്രോളിങ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ വാഹന പരിശോധനയും ലോക്ഡൗണ്‍ ലംഘനങ്ങളുടെ പരിശോധനയും നടത്തുമെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.

Tags:    

Similar News