മലപ്പുറം തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അധ്യാപികക്കും മകള്‍ക്കും വെട്ടേറ്റു

Update: 2025-02-25 17:23 GMT

മലപ്പുറം: തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മാതാവിനും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശിയും അധ്യാപികയുമായ സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുമി കോഴിക്കോട് ജില്ലക്കാരിയാണ്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്. സ്‌കൂട്ടറില്‍ എത്തിയയാള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ല.


പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. സംഭവത്തില്‍ തിരൂരങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചു.