മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് 1,632 രോഗബാധിതര്‍

Update: 2020-10-10 13:12 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. 1,632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,580 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 26 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ കണ്ടെത്തിയവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

നിരീക്ഷണത്തില്‍ 50,848 പേര്‍

50,848 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,479 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 516 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,298 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 141 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

അതേസമയം ഇന്ന് 1,061 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 24,126 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ ആരോഗ്യ സംരക്ഷണമാണ് ജില്ലയില്‍ ഉറപ്പാക്കുന്നതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് 19 വൈറസ് ബാധിതര്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് ജില്ലയിലേത്. നിലവിലെ അവസ്ഥ ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആത്മാര്‍ഥമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വൈറസ്ബാധിതരാകുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

കൊവിഡ് 19 വ്യാപനം പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി മാറുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സക്കീന. അതീവ ശ്രദ്ധയാണ് ഈ ഘച്ചത്തില്‍ ആവശ്യം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗ വ്യാപനത്തിനുള്ള സാധ്യത ഇതിലൂടെ മാത്രമെ തടയാനാകൂ. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Similar News