മലപ്പുറം ജില്ലയില്‍ 447 പേര്‍ക്ക് കൊവിഡ്; 1,010 പേര്‍ക്ക് രോഗമുക്തി

Update: 2020-10-15 13:36 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 1,010 പേര്‍ക്കാണ് ഇന്ന് വിദഗ്ധ ചികില്‍സക്ക് ശേഷം രോഗം ഭേദമായത്. രോഗം സ്ഥിരീകരിച്ചവരില്‍ 327 പേര്‍ക്കാണ് ഉറവിടമറിയാതെ വൈറസ് ബാധയുണ്ടായത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് 19 വ്യാപനം ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുകയാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന് സ്വയമുള്ള പ്രതിരോധവും അതീവ ശ്രദ്ധയുമാണ് ആവശ്യമ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് പാടില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




Similar News