തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സാറ്റ് തിരൂര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ സാറ്റ് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പറപ്പൂര് എഫ്സിയെ പരാജയപ്പെടുത്തുകയായിരുന്നു. കെപിഎല്ലില്‍ സാറ്റ് നാലാം തവണയാണ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. 10 മല്‍സരങ്ങളില്‍നിന്ന് ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 23 പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാമതാണ് സാറ്റ്.
24 പോയിന്റോടെ ബസ്കോ എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. 20 പോയിന്റോടെ കേരള പോലിസ് മൂന്നാം സ്ഥാനത്തും 17 പോയിന്റോടെ ഗോകുലം കേരള നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. പറപ്പൂര് എഫ്സിക്കെതിരായ മല്‍സരത്തില്‍ സാറ്റിന്റെ പി പി അര്‍ഷാദാണ് മാന്‍ ഓഫ് ദി മാച്ച്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് സാറ്റ് ടീം അവസാന ഗ്രൂപ്പ് മല്‍സരത്തിനിറങ്ങിയത്. കെപിഎല്‍ ടൂര്‍ണമെന്റിലെ രണ്ട് സെമി ഫൈനല്‍ മല്‍സരങ്ങളും വെള്ളിയാഴ്ച നടക്കും.