അതിഥി തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്; പോലിസ് സ്റ്റേഷന് മുന്നില്‍ നീണ്ട ക്യൂ

ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലും എത്ര അതിഥി തൊഴിലാളികള്‍ ജോലിയെടുക്കുന്നുവെന്നത് സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൈകളിലില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

Update: 2020-04-08 06:12 GMT

പരപ്പനങ്ങാടി: അതിഥി തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖയ്ക്കായി പോലിസ് സ്റ്റേഷന് മുന്നില്‍ നീണ്ട ക്യൂ. ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലും എത്ര അതിഥി തൊഴിലാളികള്‍ ജോലിയെടുക്കുന്നുവെന്നത് സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൈകളിലില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കൊവിഡ് വ്യാപനം വന്നതോടെ ഒറ്റപ്പെട്ടുപോയവരുടെ കണക്കുകള്‍ ശേഖരിക്കുന്നതിനും തടസ്സംനേരിട്ടു. ഈ പശ്ചാത്തലത്തിലാണ് പോലിസിന്റെ താല്‍പര്യാര്‍ഥം ഓരോ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പരിധിയില്‍ കഴിയുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കുന്നത്.

ഫോട്ടോയും, വിലാസവും അടങ്ങുന്ന കാര്‍ഡ് തയ്യാറാക്കുന്നതോടെ രേഖകളില്ലാത്തവരെ മനസ്സിലാക്കാനും കുറ്റകൃത്യങ്ങള്‍ അടക്കം നടത്തി ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ കഴിയുന്നവരെ കണ്ടത്താനും സാധിക്കുമെന്നുമാണ് ലക്ഷ്യംവയ്ക്കുന്നത്. പുതിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ താമസക്കാരുടെ ലിസ്റ്റും ഇതിന് ഉപകാരപ്രദമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പോലിസ് സ്റ്റേഷന് മുന്നില്‍ വലിയ നീണ്ടനിരയാണ് ഇതുമൂലമുണ്ടാവുന്നത്. നൂറുകണക്കിന് പേര്‍ക്ക് ഇത്തരം കാര്‍ഡ് നല്‍കിക്കഴിഞ്ഞതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.  

Tags:    

Similar News