പട്ടിക ജാതിക്കാരുടെ ഭവനപൂര്‍ത്തീകരണ ഫണ്ട് നീണ്ട് പോവുന്നതായി പരാതി

വേങ്ങര ബ്ലോക്കിനകത്ത് 45 പേര്‍ക്കാണ് ഭവനപൂര്‍ത്തീകരണത്തിന് തുക അനുവദിച്ചത്.എന്നാല്‍ രണ്ടു പ്രളയവും ആദ്യ കോവിഡ് തരംഗവും പദ്ധതി നിര്‍വ്വഹണത്തിനു തടസ്സമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Update: 2021-05-09 14:13 GMT


പ്രതീകാത്മക ചിത്രം

വേങ്ങര: പട്ടികജാതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭവന പൂര്‍ത്തീകരണ ഫണ്ട് ലഭിക്കാതെ നീണ്ടുപോവുന്നതായി പരാതി. പല വിധത്തില്‍ പട്ടികജാതിക്കാര്‍ക്ക് വീടുവെക്കുന്നതിന്ന് അനുവദിച്ച ഫണ്ട് തികയാതെ വന്നതിന്നാല്‍ 2018-19ലാണ് വകുപ്പുതന്നെ മുന്‍കൈ എടുത്ത് ഭവനപൂര്‍ത്തീകരണം എന്ന പദ്ധതി മുന്നോട്ട് വെച്ചത്.

ഇത് പ്രകാരം പണി പൂര്‍ത്തിയാകാത്ത വീടുകള്‍ പരിശോധിച്ച് ഗുണഭോക്താവിന് ഒന്നര ലക്ഷം രൂപ വരെ അനുവദിക്കാവുന്നതാണ്. ഇത് പ്രകാരം വേങ്ങര ബ്ലോക്കിനകത്ത് 45 പേര്‍ക്കാണ് ഭവനപൂര്‍ത്തീകരണത്തിന് തുക അനുവദിച്ചത്.എന്നാല്‍ രണ്ടു പ്രളയവും ആദ്യ കോവിഡ് തരംഗവും പദ്ധതി നിര്‍വ്വഹണത്തിനു തടസ്സമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫയലുകള്‍ പൊടി തട്ടിയെടുത്തപ്പോഴാകട്ടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഇല്ലാതെയും വന്നു.

കഴിഞ്ഞ ഫെബ്രവരിയില്‍ മാത്രമാണ് പുതിയ പട്ടികജാതി വികസന ഓഫീസര്‍ വേങ്ങര ബ്ലോക്കില്‍ ചുമതലയേറ്റത്.ഈ സാമ്പത്തിക വര്‍ഷം തുക അനുവദിച്ചാലാകട്ടെ, മൂന്നു വര്‍ഷം മുമ്പുള്ള എസ്റ്റിമേറ്റ് തുകക്ക് പുതുതായി സാധനങ്ങള്‍ വാങ്ങി പണി തീര്‍ക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ഗുണഭോക്താക്കള്‍ .അതേസമയം പദ്ധതി നിര്‍ത്തിവെച്ചിട്ടില്ലെന്നും ഈ വര്‍ഷം പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും വേങ്ങര ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസര്‍ ഷിഹാബുദ്ദീന്‍ പറഞ്ഞു.

Tags: