ഹിജ്‌റ അതിജീവനത്തിന്റെ ആത്മീയ മാതൃക: ആലിക്കുട്ടി മുസ്‌ല്യാര്‍

Update: 2021-08-10 13:04 GMT

പെരിന്തല്‍മണ്ണ: സത്യവിശ്വാസികള്‍ക്ക് എക്കാലത്തും പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന അതിജീവനത്തിന്റെ ആത്മീയപാഠമാണ് ഹിജ്‌റയുടെ ചരിത്രമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍.ജാമിഅ: നൂരിയ്യയിലെ ഹദീസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ സംഘടിപ്പിച്ച ഹിജ്‌റ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്ത് ഇസ്‌ല്യാമിക വ്യാപനത്തിന്റെയും മക്ക വിജയത്തിന്റെയും അടിസ്ഥാനം ഹിജ്‌റയായിരുന്നു.

ഹിജ്‌റയുടെ പ്രാധാന്യം പരിഗണിച്ചാണ് ഈ ചരിത്ര സംഭവം ആസ്പദമാക്കി ഇസ്‌ലാമിക കലണ്ടര്‍ രൂപകല്‍പന ചെയ്തത്. രണ്ടാം ഖലീഫ ഉമര്‍ (റ) ന്റെ ഭരണ കാലത്ത് അനറബി നാടുകളിലേക്ക് കൂടി ഇസ്‌ലാം വ്യാപിച്ചപ്പോള്‍ ലോക മുസ്‌ലിംകള്‍ക്ക് പൊതുവായ ഒരു കാലഗണന വേണമെന്ന അഭിപ്രായമുയര്‍ന്നു. ഏതിനെ ആസ്പദമാക്കി കലണ്ടര്‍ തീരുമാനിക്കണമെന്ന ചര്‍ച്ചയില്‍ വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാനം ഹിജ്‌റ അവലംബമാക്കാമെന്ന കാര്യത്തില്‍ സ്വഹാബത്ത് ഏകോപിപ്പിക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷനായി. ഉമര്‍ ഫൈസി മുടിക്കോട് ആമുഖഭാഷണം നിര്‍വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി. മുസ്തഫ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ സംസാരിച്ചു. ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തി. അബ്ദുല്ല മുജ്തബ ഫൈസി ആനക്കര ഉപസംഹാരം നടത്തി.

Tags: