മണ്ഡലത്തില്‍ പൊളിച്ചെഴുത്ത് ഉറപ്പുനല്‍കി ഗഫൂര്‍ പി ലില്ലീസിന്റെ പര്യടനം

Update: 2021-03-24 05:53 GMT

തിരൂര്‍: വളവന്നൂര്‍ പഞ്ചായത്തിലെ അങ്ങാടികളില്‍ വാഹന പ്രചരണം നടത്തിയും തിരൂര്‍ കോടതിയും പരിസരവും സന്ദര്‍ശിച്ചും തിരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസിന്റെ പ്രചാരണം. രാവിലെ വിവിധ വ്യക്തികളെ വീട്ടില്‍ നേരില്‍പോയി കണ്ട് വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഉച്ചയ്ക്കു 12ഓടെ തിരൂര്‍ കോടതി പരിസരത്തെത്തി അഭിഭാഷകരോടും കോടതി പരിസത്തെ കടകളും സന്ദര്‍ശിച്ചു. തിരൂര്‍ കോടതി റോഡിലെ ഗതാഗതക്കുരുക്കും ഇവിടുത്തെ റോഡിന്റെ വീതിയുടെ കുറവും അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിയെ ഓര്‍മിപ്പിച്ചു. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ പരിഹാരമുണ്ടാവുമെന്നും ഗഫൂര്‍ പി ലില്ലീസ് പറഞ്ഞു. തന്നെ തിരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തിലെ നിലവിലുള്ള പോരയ്മകള്‍ പരിഹരിക്കാനായി കൃത്യമായി പൊളിച്ചെഴുത്തുണ്ടാവുമെന്ന് പറഞ്ഞത് വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കി.

    തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു സൈനുദ്ദീന്‍, പി പി ബഷീര്‍, അഡ്വ. പി പത്മകുമാര്‍, അഡ്വ. അക്ഷയകുമാര്‍, അഡ്വ. അശോകന്‍, അഡ്വ. വിനോദ്, രാജേഷ് പുതുക്കാട്, അഡ്വ. കമറുദ്ദീന്‍ കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് വൈകീട്ട് മൂന്നിനു വളവന്നൂര്‍ പഞ്ചായത്തിലെ താഴെ കടുങ്ങാത്തുകുണ്ടില്‍നിന്നും വാഹനപ്രചാരണ ജാഥ ആരംഭിച്ചു. ഓരോ അങ്ങാടികളിലും വാഹനം നിര്‍ത്തി നാട്ടുകാരോട് വോട്ടഭ്യര്‍ഥിച്ചതോടൊപ്പം തന്നെ നാട്ടുകാരില്‍ ഒരാളായി താനും കൂടെയുണ്ടാവുമെന്ന ഉറപ്പും നല്‍കി. മയ്യേരിച്ചിറ, കാവുംപടി, വിരാശ്ശേരിപ്പടി, നെരാല, പാറക്കൂട്, കുറുക്കോള്‍ കുന്ന്, തുറക്കല്‍ പടി, വരമ്പനാല, തെക്കത്തില്‍ പാറ, ജപ്പാന്‍ പടി എന്നിവിടങ്ങിലെ പ്രചരണത്തിന് ശേഷം രാത്രി ഏഴരയോടെ പറമ്മലങ്ങാടിയില്‍ സമാപിച്ചു. അങ്ങാടികളിലും കവലകളിലും സ്ഥാനാര്‍ഥിയെ കാത്തുനിന്നവരെയെല്ലാം നേരില്‍കണ്ട് ഓരോരുത്തരുടേയും പ്രശ്‌നങ്ങളും പ്രയാസങ്ങളും ചോദിച്ചറിഞ്ഞ ശേഷമാണു ഓരോ സ്വീകരണ സ്ഥലങ്ങളും വിട്ടത്.

Gafoor P. Lillies' election campaign in the constituency

Tags: