പൊന്നാനിയില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

Update: 2020-09-07 12:01 GMT

മലപ്പുറം: പൊന്നാനിയില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയി. പൊന്നാനിയില്‍യില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ മഹാലക്ഷ്മി എന്ന ബോട്ട് ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്‍പെട്ടത്.

മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു തരത്തിലുളള പരിക്കുകളുമില്ലെന്നാണ് റിപ്പോര്‍ട്ട്. ആറ് പേരെയും പൊന്നാനി ഹാര്‍ബറിലേക്ക് കൊണ്ട് പോകും. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തും. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. ഇന്നലെ രാത്രി ഉള്‍ക്കടലില്‍ വച്ച് ബോട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. ബോട്ടില്‍ വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവര്‍ ബന്ധുക്കളെ പുലര്‍ച്ചെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നാലെ ഫോണ്‍ ഓഫായി.

കടലില്‍ വെള്ളത്തില്‍ ചെറിയ പലകയില്‍ പിടിച്ച് തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഇവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രണ്ട് ബോട്ടുകളിലായാണ് ഇവരെ തിരികെ കരയിലേക്ക് എത്തിക്കുന്നത്. നാസര്‍,കുഞ്ഞാന്‍ബവു, മുനവീര്‍,സുബൈര്‍, ഷബീര്‍, എന്നിവരും ഒരു അന്തര്‍ സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.




Similar News