എക്‌സൈസ് റെയ്ഡ്; എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2022-04-13 18:34 GMT

പരപ്പനങ്ങാടി: എക്‌സൈസ് നടത്തിയ റെയ്ഡില്‍ എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍ വില്ലേജില്‍ മൂളപ്പുറം ചാത്തന്‍ പറമ്പില്‍ ഫാസിര്‍ (34) ആണ് പിടിയിലായത്. വിഷു ആഘോഷം കൊഴുപ്പിക്കാന്‍ യുവാക്കളെ ലക്ഷ്യംവച്ച് വില്‍പ്പന നടത്താന്‍ പദ്ധതിയിട്ടാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് വ്യക്തമാക്കി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും പരപ്പനങ്ങാടി എക്‌സൈസ് റൈഞ്ചും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇടിമുഴിക്കല്‍ ഭാഗത്ത് ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സഹിതം പിടിയിലായത്.

ഇയാളില്‍നിന്നും 9 ഗ്രാം എംഡിഎംഎ, 800 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. വിപണിയില്‍ ഏകദേശം ഒരുലക്ഷം രൂപ വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇയാള്‍ക്ക് മയക്ക് മരുന്ന് എത്തിച്ചുനല്‍കുന്ന വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ പിടിയിലാവുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ക്കു പുറമെ ഇന്റലിജിന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ ടി സന്തോഷ്, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസര്‍ കെ പ്രദീപ് കുമാര്‍, പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫിസര്‍മാരായ പ്രഗേഷ്, പി ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി നിതിന്‍, പി അരുണ്‍, പി ബി വിനീഷ്, സാഗിഷ്, ദിദിന്‍, ജയകൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News