കുടിവെള്ളമില്ല; ഊര്‍ങ്ങാട്ടിരിയില്‍ ജനങ്ങള്‍ ദുരിതത്തില്‍

Update: 2022-03-14 14:26 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ജലനിധി പമ്പിങ് നിലച്ചതോടെ രണ്ടാഴ്ചയിലേറെയായി കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. 21 വാര്‍ഡുകളുള്ള ഊര്‍ങ്ങാട്ടിരിയില്‍ 18 വാര്‍ഡുകളിലേക്കായി 3,534 വീടുകളിലേക്കാണ് ജലനിധി പദ്ധതിയിലൂടെ കണക്ഷന്‍ നല്‍കിയത്. 22 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ജലനിധി പദ്ധതിയില്‍ പമ്പിങ് മോട്ടോര്‍ തകരാറിലായതോടെയാണ് കുടിവെള്ളം മുടങ്ങിയത്. നിര്‍മാണ ഘട്ടത്തില്‍ ഗുണനിലവാരമില്ലാത്ത മോട്ടോര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായതെന്ന് പരാതി ഉയര്‍ന്നിരുന്നു. മോട്ടോര്‍ തകരാര്‍ പരിഹരിക്കാതെ നീണ്ടുപോവുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ പരാതി ഉന്നയിച്ചുതുടങ്ങി.

ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കുടിവെള്ള പദ്ധതിക്ക് പരിഹാരം കാണാന്‍ പഞ്ചായത്തും തയ്യറായിട്ടില്ല. വേനല്‍ രൂക്ഷമായതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ടാങ്ക് വച്ച് കുടിവെള്ളമെത്തിക്കുന്നവര്‍ക്ക് 1000 ലിറ്ററിന് 500 രൂപ നല്‍കിയാണ് സാധാരണക്കാരടക്കം കുടിവെള്ളം ശേഖരിക്കുന്നത്. നിലവില്‍ ഓടക്കയ വാര്‍ഡില്‍ ജലനിധിയിലൂടെ വെള്ളമെത്തുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല. 22 കോടി മുടക്കി നിര്‍മിച്ച ജലനിധി പദ്ധതിയില്‍ പുഴവെള്ളം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി പാവണ്ണ പൂളക്കടവ് ചാലിയാര്‍ തീരത്തായി 24 സെന്റില്‍ മൂന്ന് കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. പ്രധിദിനം 30 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ പ്ലാന്റിന് കഴിയുമെന്നാണ് പറയുന്നതെങ്കിലും പല ഭാഗങ്ങളിലും കലങ്ങിയ വെള്ളമാണ് ലഭിക്കുന്നതെന്ന് നിരന്തരം പരാതി ഉയര്‍ന്നിരുന്നു.

Tags:    

Similar News