മൃഗസംരക്ഷണ വകുപ്പുതല പുനസ്സംഘടന നടപ്പാക്കും: മന്ത്രി കെ രാജു

വകുപ്പ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇതിനായി ഉടന്‍ റിപോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മൃഗസംരക്ഷണപ്രവര്‍ത്തനം മുന്നേറുന്നതിന്റെ തെളിവാണ്.

Update: 2019-11-30 13:36 GMT

പെരിന്തല്‍മണ്ണ: മൃഗസംരക്ഷണവകുപ്പില്‍ വകുപ്പുതല പുനസ്സംഘടന ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജു. കേരള ഗവ. വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഏഴാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വകുപ്പ് പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇതിനായി ഉടന്‍ റിപോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മൃഗസംരക്ഷണപ്രവര്‍ത്തനം മുന്നേറുന്നതിന്റെ തെളിവാണ്. നിലവില്‍ 105 ബ്ലോക്കുകളിലെ രാത്രികാല വെറ്ററിനറി ഡോക്ടറുടെ സേവനം എല്ലാ ബ്ലോക്കുകളിലും നടപ്പാക്കാന്‍ നടപടിയായിട്ടുണ്ട്.

ഫാം ലൈസന്‍സ്, കെട്ടിടം എന്നിവയുടെ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് അനുമതി ലഭിക്കാന്‍ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കാതെ അനുകൂലമായ തീരുമാനമുണ്ടാക്കാര്‍ തദ്ദേശസ്വയംഭരണമന്ത്രിക്ക് കത്ത് നല്‍കിയെന്നും മന്ത്രി പറഞ്ഞു. കെജിവിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: കെ ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: ജോബി ജോര്‍ജ്, മൃഗസംരക്ഷണവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ: വി സുനില്‍കുമാര്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ: എ ബാഹുലേയന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. റാണി കെ ഉമ്മന്‍, കെജിവിഒഎ ജില്ലാ സെക്രട്ടറി ഡോ: എ ഷമിം എന്നിവര്‍ സംസാരിച്ചു. ത്രിദിന സമ്മേളനം ഞായറാഴ്ച സമാപിക്കും. 

Tags: