സിപിഎം നേതാവായ അധ്യാപകന്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവം: കാംപസ് ഫ്രണ്ട് സെന്റ് ജെമ്മാസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

Update: 2022-05-13 09:26 GMT

മലപ്പുറം: മലപ്പുറം മുന്‍ നഗരസഭാംഗവും സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനുമായിരുന്ന ശശികുമാറിനെതിരേ സ്‌കൂളിലെ അറുപതോളം വിദ്യാര്‍ഥികള്‍ ലൈംഗിക പീഡനപരാതി ഉന്നയിച്ച സംഭവത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സെന്റ് ജെമ്മാസ് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.


 പ്രതിയായ ശശികുമാര്‍ ജോലിയിലിരിക്കെ പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ മൗനാനുവാദം നല്‍കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മലപ്പുറം കുന്നുമ്മലില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്‌കൂളിന് മുന്നില്‍ പോലിസ് തടഞ്ഞു.

കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ സെക്രട്ടറി വി എസ് അര്‍ഷഖ് ഷര്‍ബാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ശശികുമാറിനെയും വിദ്യര്‍ഥികളുടെ പരാതി മറച്ചുവച്ച് കുറ്റകൃത്യത്തില്‍ പങ്കാളികളായ സ്‌കൂള്‍ അധികൃതരെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശശികുമാറിനെതിരേ പീഡനത്തിനിരയായവര്‍ തന്നെ പൊതുജനമധ്യത്തില്‍ പരാതി പറഞ്ഞിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ അവലംബിക്കുന്ന മൗനം കുറ്റകരമാണ്.

പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കില്‍ എസ്പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കാംപസ് ഫ്രണ്ട് തെരുവിലുണ്ടാവുമെന്ന് അര്‍ഷഖ് ശര്‍ബാസ് പറഞ്ഞു. മാര്‍ച്ചില്‍ യൂനുസ് വെന്തൊടി, സഫ്‌വാന്‍ തവനൂര്‍ എന്നിവര്‍ സംസാരിച്ചു. മുസ്തഫ ഷനൂരി, അന്‍ഷിഫ് ഇളയൂര്‍, അക്ബര്‍ മോങ്ങം എന്നിവര്‍ നേതൃത്വം നല്‍കി.

Tags: