കൊവിഡ് വ്യാപനം: കര്‍ശന നടപടിക്കൊരുങ്ങി പെരിന്തല്‍മണ്ണ താലൂക്ക്

Update: 2020-10-11 06:14 GMT

പെരിന്തല്‍മണ്ണ: കാവിഡ് വ്യാപനം തടയുന്നതിന് നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചുകൊണ്ട് പെരിന്തല്‍മണ്ണ താലൂക്കില്‍ സമഗ്ര നടപടിയൊരുങ്ങുന്നതായി തഹസില്‍ദാര്‍ പി.ടി. ജാഫറലി അറിയിച്ചു. നഗരസഭ -പഞ്ചായത്തുകളടങ്ങുന്ന പ്രദേശങ്ങളില്‍ ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ വരുന്ന ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥന്‍ സ്‌പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആന്‍ഡ് കാവിഡ് സെന്റിനല്‍ കൂടിയായിരിക്കും. ഇദ്ദേഹത്തെ സഹായിക്കുന്നതിന് സഹപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധരായുണ്ടാകും. ഓരോ കേന്ദ്രങ്ങളിലും ഈ പ്രത്യേക വിഭാഗം കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനാ നടപടികള്‍ കൈക്കൊള്ളും. പൊതുജനങ്ങള്‍ കൂട്ടംകൂടുന്നതിനെതിരേയും മാസ്‌ക് ഉപയോഗിക്കാത്തതിനെതിരേയും നടപടിയുണ്ടാകും. തെരുവുകളിലെ കൂട്ടംചേരല്‍, മൈതാനങ്ങളിലെ കളിക്കൂട്ടങ്ങള്‍, വ്യായാമ പരിശീലന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പുതിയ നടപടിയുടെ ഭാഗമായി കര്‍ശനമായ ശിക്ഷാനടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് പ്രവര്‍ത്തനത്തിന്റെ നോഡല്‍ ഓഫീസര്‍ കൂടിആയ തഹസില്‍ദാര്‍ അറിയിച്ചു.




Similar News