കൊറോണ വൈറസ്: മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത് ആറുപേര്‍ മാത്രം

Update: 2020-02-22 14:21 GMT

മലപ്പുറം: ആഗോളതലത്തില്‍ വെല്ലുവിളിയായി മാറിയ കൊറോണ വൈറസ് ബാധ സംബന്ധിച്ച ആശങ്കകള്‍ ജില്ലയില്‍ അകലുന്നു. നിലവില്‍ വീടുകളില്‍ കഴിയുന്ന ആറുപേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച 79 പേരെ ശനിയാഴ്ച പ്രത്യേക നിരീക്ഷണത്തില്‍നിന്നു ഒഴിവാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ശനിയാഴ്ച ഒരാള്‍ക്ക് വീട്ടില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരടക്കം 472 പേര്‍ക്കാണ് ഇതുവരെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരുന്ന 46 പേരെയും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍നിന്നു ഒഴിവാക്കി. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളില്‍ ആര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

    രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ക്കും അവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുമാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്കു പ്രത്യേക കൗണ്‍സലിങും ആരോഗ്യ പരിചരണവും തുടരുകയാണ്. കൊറോണ ആശങ്കയകലുമ്പോഴും ആരോഗ്യ ജാഗ്രത തുടരണമെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ വ്യക്തമാക്കി. വൈറസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. വിവിധ ലോക രാജ്യങ്ങളില്‍ രോഗബാധ ഭീഷണിയായി തുടരുമ്പോള്‍ പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രത പാലിക്കണം. ജില്ലയില്‍ തുടരുന്ന മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൊറോണ പ്രതിരോധ മുഖ്യസമിതി വിലയിരുത്തി.



Tags:    

Similar News