ഒയാസിസ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ സി ടി സന ഷിറിന്‍ ഗുജറാത്തിലേക്ക്

Update: 2021-08-15 14:45 GMT

പെരിന്തല്‍മണ്ണ: നൂതനമായ വിദ്യാഭ്യാസ സമ്പ്രദായം ചിട്ടപ്പെടുത്തി ഗുജറാത്ത് ആസ്ഥാനമായി മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഒയാസിസ് ഇന്റര്‍നാഷനല്‍ സൊസൈറ്റി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ആഗസ്ത് 19 മുതല്‍ 22 വരെ വഡോദരയില്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ സി ടി സന ഷിറിന്‍ അര്‍ഹയായി. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്സുകാരിയായ ഈ മിടുക്കി മലപ്പുറം ജില്ലയില്‍നിന്നും പങ്കെടുക്കുന്ന ഏക വിദ്യാര്‍ഥിയാണ്. കേരളത്തില്‍നിന്നും 19 പേരാണ് ശില്‍പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഉപന്യാസം, സംവാദം, ഫീല്‍ഡ് വര്‍ക്ക് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഒയാസിസ് മിസാല്‍ മല്‍സരപരീക്ഷയില്‍ വിജയിച്ചതോടെയാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ സനയ്ക്ക് അവസരമൊരുങ്ങിയത്. മാതാപിതാക്കള്‍ക്കൊപ്പം ചൊവ്വാഴ്ച ഗുജറാത്തിലേക്ക് പുറപ്പെടും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. വൈലോങ്ങര സ്വദേശിയും അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ചക്കിങ്ങല്‍തൊടി ഷാജഹാന്റെയും തിരൂര്‍ക്കാട് അന്‍വാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷൗഫിയുടെയും ഏകമകളാണ് ഈ മിടുക്കി.

Tags:    

Similar News