ഉപതിരഞ്ഞെടുപ്പ്:വിദ്യാഭ്യാസ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി; ഇന്ന് വൈകുന്നേരം മുതല്‍ മദ്യനിരോധനം

പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല

Update: 2022-07-19 07:20 GMT

മലപ്പുറം:മലപ്പുറം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ 21ന് പ്രാദേശികാവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍),തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേതല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാര്‍ഡുകളിലാണ് ജൂലൈ 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഈ പ്രദേശങ്ങളില്‍ പോളിങ് സ്‌റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വോട്ടെടുപ്പിന്റെ തലേദിവസമായ ജൂലൈ 20നും വോട്ടെടുപ്പ് ദിവസമായ 21നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സമ്പൂര്‍ണ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 19ന് വൈകീട്ട് ആറ് മുതല്‍ 21 വൈകീട്ട് ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലായ് 22 നുമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിശ്ചിത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്‌റ്റേഷനില്‍ തന്നെ വോട്ടുചെയ്യാനുള്ള അനുമതി അതത് സ്ഥാപന മേധാവികള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

Tags:    

Similar News