ജിഫ്രി തങ്ങളെ കാണാനെത്തി എ പി അനില്‍കുമാര്‍ എംഎല്‍എ

Update: 2021-05-06 11:14 GMT

മലപ്പുറം: വണ്ടൂരിലെ വോട്ടുചോര്‍ച്ചയും തനിക്കെതിരേ ഉയരുന്ന വ്യാപകമായ അതൃപ്തിയും മുന്‍നിര്‍ത്തി എ പി അനില്‍കുമാര്‍ എംഎല്‍എ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ കാണാനെത്തി. മെയ് അഞ്ചിന് രാവിലെയായിരുന്നു തങ്ങള്‍ സമയം അനുവദിച്ച് നല്‍കിയത്. ശരാശരി കാല്‍ലക്ഷം വോട്ടുകള്‍ക്ക് സ്ഥിരമായി ജയിച്ചുപോരുന്ന അനില്‍കുമാര്‍ തനിക്ക് ലഭിച്ച ഏറ്റവും ചെറിയ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ കടന്നുകൂടിയത്. സങ്കുചിതത്വം കൈവെടിഞ്ഞ് മുന്നോട്ടുപോവാന്‍ കൂടിക്കാഴ്ചയില്‍ തങ്ങള്‍ ഉപദേശിച്ചു. നിയമസഭാ അംഗത്വത്തിന്റെ കാല്‍നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴെങ്കിലും സമസ്തയെ ആദ്യമായി ഓര്‍മിച്ചത് നന്നായി എന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ച് മുതിര്‍ന്ന എസ്‌വൈഎസ് നേതാവ് പ്രതികരിച്ചത്.

ആര്യാടനുശേഷം തന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവര്‍ മതി കോണ്‍ഗ്രസില്‍ എന്ന അനില്‍കുമാറിന്റെ ശൈലിക്കെതിരേ മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഇറക്കിവിട്ട നടപടിക്കെതിരേ ഗ്രൂപ്പിനതീതമായി വലിയ സൈബര്‍ അക്രമണം അനില്‍ നേരിട്ടിരുന്നു. ഇ മുഹമ്മദ് കുഞ്ഞിയെയും വി വി പ്രകാശിനെയും കൂടെ നിര്‍ത്തി എ ഗ്രൂപ്പിനെ നിര്‍വീര്യമാക്കുന്നതില്‍ അനില്‍കുമാര്‍ മുന്നോട്ടുപോയിരുന്നു.

എന്നാല്‍, വി വി പ്രകാശിന്റെ മരണത്തോടെ അബദ്ധം തിരിച്ചറിഞ്ഞ എ ഗ്രൂപ്പ് ആര്യാടന്‍ ഷൗക്കത്തിനെ മുന്‍നിര്‍ത്തി മുന്നോട്ടുപോവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി വ്യക്തമായി നേതാക്കളോട് ഇക്കാര്യം നിര്‍ദേശിച്ചിതായാണറിവ്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ 90 ശതമാനവും അണിനിരന്നിട്ടുള്ളത് എ ഗ്രൂപ്പിലാണ്. ഒട്ടും വിയര്‍ക്കാതെ സംവരണത്തിലൂടെ അധികാരവഴിയിലെത്തിയ അനില്‍കുമാറിന് പ്രവര്‍ത്തക പിന്തുണ അവകാശപ്പെടാനില്ല. ഉപജാപങ്ങള്‍ വഴി മറുചേരിയെ നിര്‍വീര്യമാക്കാനുള്ള തുടര്‍ശ്രമങ്ങള്‍ ഉണ്ടാവുന്നപക്ഷം മലപ്പുറത്തെ കോണ്‍ഗ്രസ് പരസ്യമായ കാലുവാരലുകളിലേക്കും പോരാട്ടങ്ങളിലേക്കും കടക്കുമെന്നതില്‍ സംശയമില്ല.

Tags:    

Similar News