മലബാര്‍ പോരാട്ടത്തിന്റെ നൂറാം വാര്‍ഷികം: ചരിത്ര മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത്

Update: 2021-02-25 13:28 GMT

മലപ്പുറം: വൈദേശികാധിപത്യത്തില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാനായി പ്രാദേശികമായി നടന്ന സ്വാതന്ത്ര്യ സമര പോരട്ടങ്ങളില്‍ ശ്രദ്ധേയമായ മലബാര്‍ സമരത്തിന്റെ നൂറാം വര്‍ഷികം ഉചിതമായി സംഘടിപ്പിക്കണമെന്നും വാര്‍ഷികോപഹാരമായി ചരിത്ര മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കണമെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ശക്തമായ ചെറുത്തുനില്‍പ്പും അനവധി പേരുടെ രക്തസാക്ഷിത്വവുമുണ്ടായ പോരാട്ടത്തെ കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ആളുകളെത്തുന്നുണ്ടെങ്കിലും പഠന, ഗവേഷണ സൗകര്യമില്ലെന്നത് വലിയ പോരായ്മയാണ്. സമരനായകനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊലപ്പെടുത്തിയ കോട്ടക്കുന്നില്‍ മ്യൂസിയം നിര്‍മിക്കാന്‍ 2015-16 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചിരുന്നു. വിവിധ കാരണങ്ങളാല്‍ അതും നടപ്പാക്കാനായില്ല.

    നൂറാം വാര്‍ഷികത്തിലെങ്കിലും ഉചിതമായ ചരിത്ര മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കാന്‍ നടപടിയുണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ എം ടി ബഷീര്‍ കോഡൂര്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. എന്‍ പ്രകാശന്‍ പുന്തുണച്ച പ്രമേയം യോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു.

    യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, സ്ഥിരംസമിതി അധ്യക്ഷരായ കെ എം മുഹമ്മദലി, എ കെ മെഹനാസ്, കെ സഫിയ, അംഗങ്ങളായ സുബൈദ മുസ് ലിയാരകത്ത്, പി ബി അബ്ദുല്‍ ബഷീര്‍, മുഹ്‌സിന അബ്ബാസ്, പി അബ്ദുല്‍ജലീല്‍, റാബിയ കുഞ്ഞിമുഹമ്മദ്, വി സുലൈഖ, ആഷിഫാ തെസ്‌നി, ഫായിസ മുഹമ്മദ് റാഫി സംസാരിച്ചു.

Tags:    

Similar News