ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സവര്‍ണ ഹിന്ദുത്വ ഏകാധിപത്യമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്: ഐഎസ്എം

Update: 2025-01-26 16:47 GMT

കോഴിക്കോട്: ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഭരണഘടനാമൂല്യങ്ങളെ കശാപ്പു ചെയ്യാനുള്ള നീക്കമാണ് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന നയപ്രഖ്യാപനത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് ഐഎസ്എം യുവജാഗ്രതകള്‍ അഭിപ്രായപ്പെട്ടു. സവര്‍ണ ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത്വവും അതുവഴിയുള്ള ഏകാധിപത്യവുമാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് വിഘാതമായി നില്‍ക്കുന്ന സര്‍വ ആശയങ്ങളെയും ഭരണഘടനയുടെ തന്നെ പഴുതുകളുപയോഗിച്ച് ഇല്ലാതാക്കാനാണ് ഭരണത്തിന്റെ മറവില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയമെല്ലാം തികഞ്ഞ ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും. 76 ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഐഎസ്എം സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപത്തി ആറ് കേന്ദ്രങ്ങളില്‍ നടന്നു.

'യുവത്വം അംബേദ്കറെ വായിക്കുന്നു' എന്ന പ്രമേയത്തിലാണ് യുവജാഗ്രതകള്‍ സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, ട്രഷറര്‍ അദീബ് പൂനൂര്‍, ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍, ഡോ.മുബശിര്‍ പാലത്ത്, ഡോ. യൂനുസ് ചെങ്ങര, അബ്ദുല്‍ ഖയ്യൂം കുറ്റിപ്പുറം, മുഹ്‌സിന്‍ തൃപ്പനച്ചി, റിഹാസ് പുലാമന്തോള്‍, സാബിഖ് മാഞ്ഞാലി, ഡോ.റജുല്‍ ഷാനിസ്, നസീം മടവൂര്‍, മിറാഷ് അരക്കിണര്‍, ഡോ.ഷബീര്‍ ആലുക്കല്‍, ടി കെ എന്‍ ഹാരിസ്, സഹല്‍ മുട്ടില്‍, ഷരീഫ് കോട്ടക്കല്‍, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദില്‍ റഹ്‌മാന്‍ കെവി എന്നിവര്‍ നേതൃത്വം നല്കി. വിവിധ ജില്ലകളില്‍ നടന്ന യുവ ജാഗ്രതകള്‍ക്ക് അബൂബക്കര്‍ കാസറഗോഡ്, മഷ്ഹൂദ് മേപ്പാടി, ഇസ്മായില്‍ കണ്ണൂര്‍, റഫീക്ക് കെ.കെ, മിസ്ബാഹ് ഫാറൂഖി, ഫാസില്‍ ആലുക്കല്‍, മുബാറക്ക് മൂഴിക്കല്‍, റിയാസ് പി.ടി പാലക്കാട്, അദീബ് ഫാറൂഖി തൃശ്ശൂര്‍, നൗഫല്‍ ഹാദി എറണാകുളം, ഷബീര്‍ ഖാന്‍ ഇടുക്കി, യാസിര്‍ കോട്ടയം, അലി അക്ബര്‍ മദനി ആലപ്പുഴ, അബ്ദുള്‍ സലീം കൊല്ലം, ഷരീഫ് കുറ്റിച്ചല്‍ എന്നിവര്‍ നേതൃത്വം നല്‍കി.