തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപയില്ല

Update: 2023-09-14 05:22 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ബൈക്കില്‍ പോകവേ വവ്വാല്‍ മുഖത്തടിച്ചുവെന്ന് വിദ്യാര്‍ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്.

അതേസമയം, നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) ആണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്‍പ്പെട്ട കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുളള കോളേജുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.

കണ്ടെയിന്‍മെന്റ് മേഖലയിലെ താമസക്കാരായ വിദ്യാര്‍ഥികള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. നിലവില്‍ നിപ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്.






Tags:    

Similar News