മിഠായിത്തെരുവില്‍ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല; കട തുറന്നാല്‍ കേസെടുക്കുമെന്ന് പോലിസ്

Update: 2021-07-19 00:59 GMT

കോഴിക്കോട്: മിഠായിത്തെരുവിലെ വഴിയോരക്കടകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലിസിന്റെ നിര്‍ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാര്‍ സിറ്റി പോലിസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണം പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഞായറാഴ്ച മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലിസ് ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പോലിസിന്റെ വിശദീകരണം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മിഠായിത്തെരുവില്‍ 70 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Tags: