സംഘ പരിവാര്‍ ഇന്ത്യയെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുന്നു: ഐഎന്‍എല്‍

അതുകൊണ്ട് കൂടിയാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ സമാന അക്രമങ്ങള്‍ അരങ്ങേറിയത്.

Update: 2023-08-05 15:25 GMT

നാദാപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘ് പരിവാര്‍ നടത്തുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ആരോപിച്ചു. മണിപ്പൂര്‍ വംശ ഹത്യക്കെതിരെ ഐ എന്‍ എല്‍ നാദാപുരത്തു സംഘടിപ്പിച്ച പ്രധിഷേധ ജാഥയും ധര്‍ണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

മണിപ്പൂര്‍ കലാപം തുടങ്ങി മൂന്ന് മാസമാകുമ്പോഴും കലാപം അടിച്ചമര്‍ത്താനോ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ ഭരണകൂടം ശ്രമിക്കുന്നില്ല. ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബല്‍ക്കീസ് ബാനുവിനെ അതിക്രൂരമായി പീഡിപ്പിച്ച കുറ്റവാളികളെ ജയില്‍ മോചിതരാക്കിയ ഭരണകൂട നടപടി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കുള്ള പ്രോല്‍സാഹനമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് കൂടിയാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ സമാന അക്രമങ്ങള്‍ അരങ്ങേറിയത്.

ഹരിയാനയിലും ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തെളിയിക്കുന്നത് രാജ്യമൊട്ടുക്കും വര്‍ഗീയ കലാപങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഗൂഢ പദ്ധതിയാണ്. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ വര്‍ഗീയത ആയുധമാക്കി ജനശ്രദ്ധ തിരിക്കാനുള്ള കുരുട്ടു ബുദ്ധിയാണ് ഇതിന്റെ പിന്നിലെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഒന്നിച്ച് അണിനിരക്കണമെന്നും അഷറഫ് അലി ആവശ്യപ്പെട്ടു. കെ. ജി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപറ്റ, ജില്ലാ പ്രസിഡന്റ് സി. എച്ച്. ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് സ്വാഗതം പറഞ്ഞു ടി എ നാസ്സര്‍ നന്ദിയും പറഞ്ഞു.നേരത്തെ കല്ലാച്ചിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ മണ്ഡലം ഭാരവാഹികളായ കെ ജി ലത്തീഫ്, റഫീഖ്, ജാഫര്‍ വാണിമേല്‍, ടി പോക്കു ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി





Tags:    

Similar News