കുറ്റ്യാടി ടൗണില്‍ വന്‍ തീപ്പിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

Update: 2022-02-05 17:49 GMT

കുറ്റ്യാടി: കോഴിക്കോട് കുറ്റിയാടി ടൗണില്‍ വടകര റോഡിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അഞ്ച് കടകള്‍ കത്തിനശിച്ചു. വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണുണ്ടായത്. സംസ്ഥാന പാതയിലെ ചന്ദനമഴ ഫാന്‍സി, സോപ്പുകട, ലൈവ് ഫൂട്ട് വെയര്‍, മാക്‌സി ഷോപ്പ്, സ്‌നേഹ കൂള്‍ബാര്‍ എന്നിവയാണ് ശനിയാഴ്ച സന്ധ്യയോടെയുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ചത്.

അടച്ചിട്ട ഫാന്‍സി കടയുടെ പിന്‍ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്നും പിന്നീട് കടക്കുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നും പരിസരത്തെ കടയുടമകള്‍ പറഞ്ഞു. ഇവിടെ നിന്ന് തീ പടര്‍ന്നാണ് ഇരുവശങ്ങളിലായുള്ള ചെരിപ്പ് കടക്കും സോപ്പുകടയ്ക്കും തീപ്പിടിച്ചത്.

തകരഷീറ്റുകള്‍ കൊണ്ട് താല്‍ക്കാലിക ഷെഡില്‍ നിര്‍മിച്ചതാണ് ഫാന്‍സി കട. വിവിധ ഗൃഹോപകരണള്‍ ഉള്‍പ്പടെയുള്ളവ കത്തിച്ചാമ്പലായി. വേളം പെരുവയല്‍ സ്വദേശി സിദ്ദീഖിന്റേതാണ് കട. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. സമീപത്തെ വാര്‍പ്പ് കെട്ടിടത്തിന്റെ കോണിക്കൂട്ടില്‍ പ്രവര്‍ത്തിച്ച സോപ്പുകടയും കത്തിനശിച്ചു. തീയുടെ ചൂടില്‍ ഗ്ലാസുകള്‍ പൊട്ടിവീണു.

വി കെ കബീറിന്റെ ലൈഫ് ഫുട്‌വെയര്‍ കടയും ചന്ദനമഴ ഫാന്‍സിയും പൂര്‍ണമായി കത്തിനശിച്ചു. നാദാപുരത്തുനിന്നെത്തിയ അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റാണ് തീയണച്ചത്. പേരാമ്പ്രയില്‍നിന്ന് ഒരു യൂനിറ്റുമെത്തി. സംഭവ സമയം ടൗണില്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. ഗതാഗതവും സ്തംഭിച്ചു. നാദാപുരം, കോഴിക്കോട്, വയനാട് റോഡുകളില്‍ കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതം നിലച്ചു. കുറ്റിയാടി സിഐ ടി പി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ പോലിസും നാട്ടുകാരും ദുരന്തനിവാരണ സേനാപ്രവര്‍ത്തകരും തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടത്തിയത്.

Tags: