എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു; കോഴിക്കോട് കോര്‍പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്, സംഘപരിവാര്‍-സിപിഎം കൂട്ടുകെട്ടെന്ന് ലീഗ്

Update: 2026-01-13 13:52 GMT

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷസ്ഥാനം ബിജെപി സ്വന്തമാക്കി. കോര്‍പ്പറേഷനിലെ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപിയുടെ വിനീത സജീവന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വിനീത സജീവന്‍.

എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഈ വിജയം കൈവന്നത്. നികുതികാര്യ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും തുല്യശക്തികളായ അംഗങ്ങളാണുള്ളത്. വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ വോട്ടുകള്‍ തുല്യമായി (44). തുടര്‍ന്നാണ് വിജയിയെ നിശ്ചയിക്കാന്‍ നറുക്കെടുപ്പ് നടത്തിയത്.

അതേസമയം, സംഘപരിവാര്‍ സിപിഐഎം കൂട്ടുകെട്ട് കോഴിക്കോട് ഉണ്ടെന്ന് തെളിയിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ എം എ റസാഖ് പറഞ്ഞു. സിപിഎം നിശബ്ദത പാലിച്ചത് കൊണ്ടാണ് ടോസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കണ്ട എന്നുണ്ടായിരുന്നെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കാമായിരുന്നുവെന്നും റസാഖ് പറഞ്ഞു.