താമരശ്ശേരി ചുരത്തില്‍ ചരക്കുലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Update: 2021-08-04 08:47 GMT

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ചരക്കുലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് എട്ടാംവളവിനും ഒമ്പതാം വളവിനുമിടയില്‍ വീതികുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ഇതെത്തുടര്‍ന്ന് ചുരത്തില്‍ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ചരക്ക് ലോറിയും എട്ടാം വളവില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ആരുടെയും പരിക്ക് ഗുരുതരമല്ല. പത്ത് മണിയോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഒരുഭാഗത്തുകൂടി മറ്റു വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടര്‍ന്നു. ഇരുഭാഗങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടത്. അടിവാരം പോലിസും വയനാട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തരും ചേര്‍ന്നുള്ള ഏറെ നേരത്തേ പ്രയത്‌നത്തിലൊടുവിലാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.

Tags: