കോഴിക്കോടിന്റെ മണ്ണില്‍ ജനമുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ ജനസാഗരം ഒഴുകിയെത്തി

Update: 2024-02-19 15:03 GMT
കോഴിക്കോട്: അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ കൊണ്ട് രക്ത ചരിതം തീര്‍ത്ത കോഴിക്കോടിന്റെ മണ്ണില്‍ ജനമുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ ജനസാഗരം ഒഴുകിയെത്തി. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും പിന്നിട്ടാണ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്. പറങ്കികളും ബ്രിട്ടീഷുകാരും ഉള്‍പ്പെടെയുള്ള വൈദേശിക ശക്തികള്‍ കടലും കരയും സ്വന്തമാക്കാന്‍ സര്‍വവിധ സന്നാഹങ്ങളുമൊരുക്കി അധിനിവേശത്തിന്റെ നങ്കൂരമിട്ടപ്പോള്‍ അതിനെതിരേ കടലിലും കരയിലും പ്രതിരോധം തീര്‍ത്ത് ജന്മനാടിനെ രക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ നാട് പുതിയൊരു ദശാസന്ധിയില്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ ഐക്യകാഹളം മുഴക്കിയിരിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്ത അല്‍ അമീന്‍ ദിനപത്രവും ഉപ്പു സത്യഗ്രഹവും ഇന്നും പൗരസമൂഹത്തിന് പ്രചോദനമായി മാറുകയാണ്.

സാഹിത്യരംഗത്ത് എക്കാലത്തെയും അതുല്യപ്രതിഭകളായ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും തിക്കൊടിയന്റെയും എന്‍ പി ഹാഫിസ് മുഹമ്മദിന്റെയും സ്മരണകളുയര്‍ത്തുന്ന കോഴിക്കോടിന്റെ ചരിത്ര താളുകളില്‍ പുതിയൊരു ഏടുകൂടി എഴുതി ചേര്‍ത്താണ് യാത്ര കടന്നു പോകുന്നത്. വൈവിധ്യങ്ങളും രുചിഭേദങ്ങളും മനുഷ്യഹൃദയങ്ങളെ മാടിവിളിക്കുന്ന കോഴിക്കോടിന്റെ മലബാര്‍ തനിമ ഭരണഘടനയും ജനധിപത്യവും സംരക്ഷിക്കാനുള്ള വര്‍ത്തമാനകാല പൗരധര്‍മം നിര്‍വഹിക്കാനുള്ള പ്രതിജ്ഞ പുതുക്കല്‍ കൂടിയായിരുന്നു യാത്രയ്ക്കു നല്‍കിയ സ്വീകരണത്തിലൂടെ വിളിച്ചറിയിച്ചത്.തിങ്കളാഴ്ച വൈകീട്ട് 3ന് അടിവാരത്തു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിലേക്ക് വരവേറ്റത്.

ജാഥ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയെയും വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കലിനെയും റോയ് അറയ്ക്കലിനെയും തുറന്ന വാഹനത്തില്‍ വാഹന ജാഥയായാണ് അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, മലാപ്പറമ്പ്, എരഞ്ഞിക്കല്‍, നടക്കാവ്, ഗാന്ധി റോഡ്, ബീച്ച് വഴി മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ പാതയോരങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ജനാവലി നല്‍കിയത്. ബീച്ച് പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാര്‍ തേര്‍വാഴ്ച്ചയക്കും സാംസ്‌കാരിക ഫാഷിസത്തിനും അറുതിവരുത്താനുള്ള മുന്നറിയിപ്പ് കൂടിയായി മാറി.

Tags:    

Similar News