കൊറോണ: കോഴിക്കോട്ട് 8428 പേര്‍ നിരീക്ഷണത്തില്‍

Update: 2020-04-19 14:00 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1584 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 14,372 ആയി. നിലവില്‍ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി വന്ന 8 പേര്‍ ഉള്‍പ്പെടെ ആകെ 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 32 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 710 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 671 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 647 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 20 കോഴിക്കോട് സ്വദേശികളില്‍ 11 പേരും 4 ഇതര ജില്ലക്കാരില്‍ 2 കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. 9 കോഴിക്കോട് സ്വദേശികളും 2 കാസര്‍കോഡ് സ്വദേശികളും ഉള്‍പ്പെടെ 11 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

    ജില്ലയുടെ ചുമതലയുളള തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം നടത്തി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം പോസിറ്റീവ് കേസ് റിപോര്‍ട്ട് ചെയ്ത ഏറാമല ഗ്രാമപ്പഞ്ചായത്തില്‍ വാര്‍ഡ് തല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയര്‍മാരും വീടുകള്‍ സന്ദര്‍ശിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കാനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 16 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 157 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. 4510 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8518 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.


Tags: