മലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടത്തരുത് : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

പ്ലസ് വണ്‍ അലോട്ട്‌മെന്റ് ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനത്തെ സര്‍ക്കാര്‍ ബോധപൂര്‍വ്വം തടയ്യുന്നതിന് തുല്യമാണ്.

Update: 2023-05-21 09:21 GMT

കോഴിക്കോട് : മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് സീറ്റ് അപര്യാപ്തത നിലനില്‍ക്കെ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടത്തുന്നത് വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്നും അതു കാരണം അലോട്ട്‌മെന്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ പുറത്താകുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പുറത്തു വന്നപ്പോള്‍ പരീഷ എഴുതിയ 4,19,128 വിദ്യാര്‍ത്ഥികളില്‍ 4,17,864 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് മലപ്പുറം ജില്ലയിലാണ്.

മലപ്പുറമടക്കമുള്ള മലബാര്‍ മേഖലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കടമ്പ കടന്നിട്ടുള്ളത്. എസ്.എസ്.എല്‍.സി വിജയിച്ചവരുടെ ഉപരിപഠനത്തിനായി സംസ്ഥാനത്ത് 4,65,141 സീറ്റുകളുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ച് കൊണ്ട് സൂചിപ്പിച്ചത്. എന്നാല്‍ മലബാര്‍ മേഖലയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള സീറ്റ് അപര്യാപ്തത മുന്‍വര്‍ഷങ്ങളിലെതെന്ന പോലെ ഈ വര്‍ഷവും നിലനില്‍ക്കുന്നുണ്ട്. 2022 ലെ കണക്ക് പ്രകാരം മലപ്പുറം ജില്ലയില്‍ മാത്രം 30941 പേരാണ് സീറ്റില്ലാതെ പുറത്തായത്. മലബാര്‍ മേഖലയിലെ സീറ്റില്‍ അപര്യാപ്തതയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ നിയോ?ഗിച്ച കാര്‍ത്തികേയന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാര്‍ത്തികേയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാനോ മലബാറിലെ സീറ്റ് അപര്യാപ്തതക്ക് പരിഹാരം കാണാനോ തയ്യാറാകാതെ പ്ലസ് വണ്‍ അലോട്ട്‌മെന്റ് ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനത്തെ സര്‍ക്കാര്‍ ബോധപൂര്‍വ്വം തടയ്യുന്നതിന് തുല്യമാണ്.


ഫ്രറ്റേണിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരമായി ഉന്നയിക്കുന്ന വാദങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് സര്‍ക്കാര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ അധ്യക്ഷനായ പഠന കമ്മിറ്റിയെ നിശ്ചയിച്ചതിലൂടെ തെളിയുന്നത്. മലബാര്‍ ജില്ലകളില്‍ സീറ്റ് അപര്യാപ്തത ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ സമ്മതിച്ചതുമാണ്. കാര്‍ത്തികേയന്‍ കമ്മിറ്റി പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ റിപ്പോര്‍ട്ടിലെ ചില സുപ്രധാന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വഴി നിലവില്‍ പുറത്തു വന്നിട്ടുമുണ്ട്. മലബാര്‍ ജില്ലകളില്‍ സീറ്റ് അപര്യാപ്തത ഉണ്ടെന്ന വര്‍ഷങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. മലബാറില്‍ 150 പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചതായാണ് സൂചനകള്‍. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ ചപ്പായടിക്കുന്ന എസ് എഫ് ഐ പോലുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഇടതുപക്ഷത്തിന് തന്നെയും ഏറ്റ പ്രഹരമായാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്.


എസ് എസ് എല്‍ സി റിസള്‍ട്ട് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ വി കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണമെന്നും ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ അവസരത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തുടങ്ങിയ നാല് ജില്ലകളില്‍ ബാച്ച് വര്‍ധനവിനോടൊപ്പം ആവശ്യമെങ്കില്‍ മാര്‍ജിനല്‍ വര്‍ദ്ധനവ് കൂടി നടത്താം എന്ന് കൂടി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. കാലങ്ങളായി നടത്തിവരുന്ന മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന കണ്ണില്‍ പൊടിയിടല്‍ മലബാറിലെ ക്ലാസ്സ് മുറികളില്‍ 60 ഉം 70 ഉം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് ക്ലാസ്സ് മുറികളെ കൂടുതല്‍ കുടുസ്സതയില്‍ ആക്കുകയും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടില്‍ ആക്കുകയും അല്ലാതെ മലബാറിലെ സീറ്റ് അപര്യാപ്തതക്ക് യാതൊരു വിധത്തിലും പരിഹാര മാര്‍ഗമല്ല എന്നാണ് ഫ്രറ്റേണിറ്റി നിലപാട്. ഈ ശുപാര്‍ശ ഒരു വിധത്തിലും അംഗീകരിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒരുക്കമല്ല. മാര്‍ജിനല്‍ ഇന്ക്രീസ് അല്ല മറിച്ച് പുതിയ ബാചുകള്‍ മാത്രമാണ് മലബാറിലെ സീറ്റ് അപര്യാപ്തതക്ക് പരിഹാരം.



അഡ്മിഷന്‍ നടപടികള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിച്ചു സര്‍ക്കാന്‍ ഉത്തരവാകണമെന്നും മലബാറിലെ സീറ്റ് വിഷയത്തില്‍ ഈ വര്‍ഷം തന്നെ ശാശ്വത പരിഹാരം കാണണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെടുന്നു. ആവശ്യമായ ബാച്ചുകള്‍ അനുവദിച്ചും ഹയര്‍ സെക്കന്ററി ഇല്ലാത്ത ഹൈസ്‌കൂളുകള്‍ ഉടന്‍ ഹയര്‍സെക്കന്ററി ആയി ഉയര്‍ത്തിയും പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിന് പകരം മാര്‍ജിനല്‍ ഇന്‍ക്രീസ് പോലുള്ള പൊടിക്കൈകള്‍ കൊണ്ട് കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ വിദ്യാര്‍ത്ഥികളെയും പൊതുസമൂഹത്തെയും അണി നിരത്തിക്കൊണ്ടുള്ള ശക്തമായ സമര പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.





Tags: