ആറ് പതിറ്റാണ്ടിന്റെ അനുഭവസംഗമത്തിനൊരുങ്ങി വാണിമേല്‍ ദാറുല്‍ ഹുദാ അറബിക് കോളജ്

Update: 2021-12-22 18:42 GMT

വടകര: വടക്കേ മലബാറിലെ ആദ്യ മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ വാണിമേല്‍ ദാറുല്‍ ഹുദാ അറബിക് കോളജ് ആന്റ് മദ്‌റസാ പൂര്‍വ വിദ്യാര്‍ഥി- അധ്യാപക സംഗമത്തിന് ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1963ല്‍ സുമനസ്സുകള്‍ ദാനമായി നല്‍കിയ സ്ഥലത്ത് നിര്‍മിച്ച ഇരുനില കോണ്‍ക്രീറ്റ് കെട്ടിടത്തിലാരംഭിച്ച അറബിക് കോളജില്‍ മധ്യകേരളം മുതല്‍ കാസര്‍കോട് വരെയുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠനം നടത്തിയിരുന്നു. കേരള മുസ്‌ലിംകളിലെ മൂന്ന് പ്രബലവിഭാഗങ്ങളായ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി എന്നിവര്‍ യോജിച്ചുനടത്തുന്ന കേരളത്തിലെ ഏക മതസ്ഥാപനം എന്ന അപൂര്‍വ ബഹുമതിയും ദാറുല്‍ ഹുദാക്കുണ്ട്.

രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടി 25 ന് വൈകീട്ട് നാലുമണിക്ക് മദ്‌റസാ പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടെ ആരംഭിക്കും. മഹല്ല് ഖാസി അബ്ദുല്‍ കരിം ദാരിമിഉദ്ഘാടനം ചെയ്യും. ബഷീര്‍ മൊഹിയിദ്ദീന്‍, ഹുസൈന്‍ കുന്നത്ത്, ജാഫര്‍ വാണിമേല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി കലാപരിപാടികള്‍ നടക്കും.രണ്ടാം ദിവസമായ 26ന് രാവിലെ 10 മണിക്ക് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അറബിക് കോളജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായപി ഉബൈദുല്ല എംഎല്‍എ നിര്‍വഹിക്കും. 11 30ന് സുവനീര്‍ പ്രകാശനം ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് നിര്‍വഹിക്കും.

ഡിവൈഎസ്പി വി എം അബ്ദുല്‍ വഹാബ് ഏറ്റുവാങ്ങും. എഡിറ്റര്‍ എം എ വാണിമേല്‍ സമര്‍പ്പണം നടത്തും. 12.30ന് സ്മൃതി പഥം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ എം കെ അഷ്‌റഫ് മോഡറേറ്ററാവും. 2.30ന് ബാച്ച് തല സംഗമം നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. ദോസ്ത് പ്രസിഡന്റ് ടി പി എം തങ്ങള്‍ അധ്യക്ഷനാവും. ഇ കെ വിജയന്‍ എംഎല്‍എ, നാദാപുരം എഎസ്പി നിധിന്‍ രാജ് (ഐപിഎസ്) തുടങ്ങിയവര്‍ സംബന്ധിക്കും.

കോ- ഓഡിനേറ്റര്‍ സി കെ ഖാസിം മദനി റിപോര്‍ട്ട് അവതരിപ്പിക്കും. വിവിധ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം കോളജ് കമ്മിറ്റി പ്രസിഡന്റ് ടി പി കുഞ്ഞി സൂപ്പി ഹാജി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി പി എം തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ വി എം ഖാലിദ്, ട്രഷറര്‍ ടി സി അഹമ്മദ്, കോ- ഓഡിനേറ്റര്‍ സി കെ ഖാസിം മദനി, എം എ വാണിമേല്‍, സി കെ തോട്ടക്കുനി പബ്ലിസിറ്റി കണ്‍വീനര്‍ എം കെ അഷ്‌റഫ് പങ്കെടുത്തു.

Tags: