വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞു; മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു

Update: 2025-05-24 11:42 GMT

കോഴിക്കോട്: വടകര അഴിയൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്. കൂടെ അപകടത്തില്‍പ്പെട്ട അഴിയൂര്‍ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12.30-ഓടെ ആയിരുന്നു സംഭവം. മൊത്തം ആറ് തൊഴിലാളികളാണ് സംഭവസ്ഥലത്ത് പണിയെടുത്തുകൊണ്ടിരുന്നത്. ഇവരില്‍ രണ്ടുപേരാണ് കിണറിടിഞ്ഞ് മണ്ണിനടിയില്‍ പെട്ടത്.

വേണുവിനെ രക്ഷപ്പെടുത്തി മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, രതീഷിനെ കണ്ടെത്താനായി വടകര, മാഹി അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം വിഫലമായി. മൂന്നോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് രതീഷിന്റെ മൃതദേഹം കണ്ടെടുത്തത്.

മേഖലയില്‍ രാവിലെ മുതല്‍ ശക്തമായ മഴയുണ്ടായിരുന്നു. മഴ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഘനനം പോലെയുള്ള ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തൊഴിലാളികള്‍ കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. ഇതാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ട അപകടത്തിലേക്ക് നയിച്ചത്.