112 തീരദേശറോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

Update: 2022-01-13 00:37 GMT

കോഴിക്കോട്: പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായി 112 തീരദേശ റോഡുകള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് റോഡുകള്‍ നിര്‍മിച്ചത്. ആകെ 62.7 കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍ 44.40 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതി.

പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 803 കോടി രൂപ അടങ്കല്‍ വരുന്ന 1,850 റോഡുകള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കുകയും 1,205 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളെന്ന് മന്ത്രി പറഞ്ഞു. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കൊവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്രവികസനത്തിനും ഉന്നതിക്കുമായി ദീര്‍ഘവീക്ഷണത്തോടെയുളള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News