മഴക്കെടുതി: കോട്ടയം ജില്ലയുടെ ഏകോപന ചുമതല മന്ത്രി കെ രാജന്

Update: 2021-10-16 17:33 GMT

കോട്ടയം: ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല റവന്യൂ മന്ത്രി കെ രാജനു നല്‍കി. കോട്ടയത്തെത്തിയ മന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കി. കോട്ടയം കലക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിലെത്തിയ മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത രണ്ടുദിവസം റവന്യൂ മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. രാത്രി 10.15 വരെയുള്ള കണക്കുകള്‍ പ്രകാരം കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്.

കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാംപുകളിലുള്ളത്. മന്ത്രി കെ രാജനെ കൂടാതെ മന്ത്രിമാരായ വി എന്‍ വാസവനും റോഷി അഗസ്റ്റിനും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ മഴക്കെടുതി നേരിട്ട വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി, വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ നേരില്‍ കണ്ടു. കൂട്ടിക്കല്‍ ചപ്പാത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമ്പുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഫയര്‍ ഫോഴ്‌സ്‌പൊലീസ് ഉദ്യോഗസ്ഥരുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും അദ്ദേഹം സംസാരിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി സ്ഥലത്ത് തുടരുകയാണ്. ആന്റോ ആന്റണി എംപി., സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പ്രളയം വിഴുങ്ങിയ മേഖലകളില്‍ മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശനം നടത്തി.

Tags: