പാലാ നഗരസഭ: സ്വതന്ത്രരായി മല്‍സരിച്ച ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു
പാലാ: നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം വിജയിച്ചു. ബിനുവിനൊപ്പം സഹോദരന്‍ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരും വിജയിച്ചു. സ്വതന്ത്രരായാണ് മൂവരും മല്‍സരിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മല്‍സരിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോണ്‍ഗ്രസു (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.
